മഹാരാഷ്ട്രയില്‍ കാവിപ്പട ‘മുഖാമുഖം’ ആര് ഭരിച്ചാലും ഇനി അല്‍പായുസ്സ് മാത്രം !

കാവിപ്പടയിലെ അധികാരക്കൊതിയില്‍ തിളച്ച് മറിഞ്ഞ് മറാത്ത രാഷ്ട്രീയം.

രാജ്യത്തെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാനാണ് പരസ്പരം പോര്‍വിളികള്‍ ഉയരുന്നത്.

ശിവസേനയുടെ ചിഹ്നമായ കടുവയുടെ കഴുത്തില്‍ എന്‍.സി.പി ചിഹ്നമായ ടൈംപീസ് കെട്ടിയ ചിത്രവും വൈറലായിക്കഴിഞ്ഞു. ബിജെപിയില്ലെങ്കില്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വികാരമാണ് ശിവസേനയിലുള്ളത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടാതെ മുന്നോട്ട് പോകാന്‍ പറ്റില്ലന്ന വ്യക്തമായ സന്ദേശമാണ് സേന നേതാക്കളിപ്പോള്‍ ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.

ബാല്‍ താക്കറെയുടെ കൊച്ചുമകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ശിവസേനയുടെ പ്രധാന ആവശ്യം.

ഈ ഒരു സ്വപ്ന സാക്ഷാത്കാരത്തിനായാണ് വേണ്ടി വന്നാല്‍ പ്രതിപക്ഷവുമായി യോജിക്കാന്‍ ശിവസേന തയ്യാറെടുക്കുന്നത്.

അതേസമയം ശിവസേനയുടെ ഭീഷണിക്ക് വഴങ്ങേണ്ടന്ന നിലപാടിലാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം. പയ്യനായ ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയാക്കുന്നത് പോലും സാഹസികമാണെന്ന നിലപാടാണ് ഈ വിഭാഗത്തിനുള്ളത്.

അധികാര സ്ഥാനം കിട്ടിയാല്‍ ആദിത്യ താക്കറെ മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ അടിവേര് തോണ്ടുമെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

അതുകൊണ്ട് തന്നെ എന്‍.സി.പിയെ ഒപ്പം നിര്‍ത്താന്‍ പറ്റുമോ എന്ന കാര്യവും നിലവില്‍ ബി.ജെ.പി പരിഗണിക്കുന്നുണ്ട്.

ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ എന്‍.സി.പി നേതാക്കള്‍ക്കെതിരെ കേന്ദ്ര നടപടിയുള്ളതിനാല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് പുതിയ നീക്കം.

ശിവസേനയുമായി സഖ്യമായി അധികാരത്തിലേറിയാല്‍ പോലും എന്‍.സി.പി- കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ പിളര്‍ത്താന്‍ ബി.ജെ.പി. ശ്രമിച്ചേക്കും. ഇപ്പോള്‍ തന്നെ അണിയറയില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് – എന്‍.സി.പി നേതാക്കള്‍ കൂട്ടത്തോടെ കാവിയണിഞ്ഞ സംസ്ഥാനമാണ് മഹാരാഷ്ട്ര.

അതു കൊണ്ട് തന്നെ ഇവിടെ എപ്പോള്‍ വേണമെങ്കിലും രാഷ്ട്രിയ അട്ടിമറിക്കുള്ള സാധ്യത ഏറെയുമാണ്.

മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കായി നേടിക്കൊടുക്കുമെന്ന് പിതാവ് ബാല്‍താക്കറെക്ക് നല്‍കിയ പ്രതിജ്ഞ നിറവേറ്റുമെന്ന ഉറച്ച നിലപാടിലാണ് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ മുന്നോട്ട് പോകുന്നത്. ഉദ്ദവിന്റെ മൂത്തമകന്‍ ആദിത്യ താക്കറെക്ക് ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിര്‍ദ്ദേശം ബി.ജെ.പി അനുസരിച്ചില്ലെങ്കില്‍ പ്രതിപക്ഷ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാനുള്ള കരുനീക്കമാണ് ഉദ്ദവ് താക്കറെ നടത്തി വരുന്നത്.

ഗവര്‍ണറെകണ്ട് മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ആദ്യം ഉയര്‍ത്താന്‍ തയ്യാറായതോടെ വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം തന്നെയാണ് ഉദ്ദവ് താക്കറെ ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.

ബി.ജെ.പിയേക്കാള്‍ തീവ്ര ഹിന്ദുത്വ നിലപാടും മറാത്താ വാദവും ഉയര്‍ത്തുന്ന ശിവസേനക്ക് പിന്തുണ നല്‍കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന കണക്ക് കൂട്ടലാണ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനുള്ളത്. കോണ്‍ഗ്രസും ഇതേ നിലപാടിലാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ നേതാക്കള്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശിവസേന സര്‍ക്കാരിന് പുറമെനിന്നും പിന്തുണ നല്‍കണമെന്ന നിലപാടുകാരാണ്.
soniya gandhi

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ചവാനും പ്രഥിരാജ് ചവാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. ശിവസേന സര്‍ക്കാര്‍ അധിരകാരത്തിലേറിയാല്‍ രാജ്യസഭയിലേക്ക് കൂടുതല്‍ അംഗങ്ങളെ അയക്കാനാവുമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസ്-എന്‍.സി.പി നേതൃത്വത്തിനുണ്ട്.

താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയ ആദിത്യ താക്കറെ മുഖ്യമന്ത്രിയായാല്‍ വ്യക്തിപ്രഭാവം ഉയര്‍ത്തുന്ന രാഷ്ട്രീയം തങ്ങളുടെ അടിത്തറ തകര്‍ക്കുമെന്ന ഭയമാണ് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇതേ ആശങ്ക തന്നെ ശരത് പവാറിനും കോണ്‍ഗ്രസ് ഹൈക്കമാന്റിനുമുണ്ട്.

മഹാരാഷ്ട്രയിലെ വല്യേട്ടന്‍ തങ്ങളാണെന്നു തെളിയിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ശിവസേനക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസരം ആയുധമാക്കുന്ന ശിവസേന തലവന്‍ ഉദ്ദവ് താക്കറെ കളമറിഞ്ഞുതന്നെയാണ് കളിക്കുന്നത്.

നേതാക്കളെ കാലുമാറ്റി ഒപ്പം കൂട്ടിയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിയുമെന്ന മോഡിയുടെയും അമിത്ഷായുടെയും തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പില്‍ പിഴച്ചത്. 122 എം.എല്‍.എമാരുണ്ടായിരുന്ന ബി.ജെ.പി 105 സീറ്റിലേക്കാണ് ഒതുങ്ങിയത്. 63 സീറ്റുണ്ടായിരുന്ന ശിവസേനക്ക് 56 സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ശിവസേനയില്ലാതെ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുകയില്ല. 145 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായിട്ടുള്ളത്. കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിനായി ഇവിടെ 98 സീറ്റുകളുണ്ട്. ഈ സഖ്യത്തില്‍ 44 സീറ്റ് കോണ്‍ഗ്രസിന് നേടാനായപ്പോള്‍ 54 സീറ്റുമായി മിന്നുന്ന പ്രകടനമാണ് എന്‍.സി.പി കാഴ്ചവെച്ചിരുന്നത്.

56 സീറ്റുള്ള ശിവസേനക്ക് പ്രഹാര്‍ ജനശക്തിപാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും സ്വതന്ത്രരുമടക്കം അഞ്ച് എം.എല്‍.എമാരുടെ പിന്തുണ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ഇതോടെ 61 പേരാണിപ്പോള്‍ ശിവസേനക്കൊപ്പമുള്ളത്. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം പിന്തുണ നല്‍കിയ ബഹുജന്‍ വികാസ് അഗാഡി അടക്കമുള്ള ചെറുകക്ഷികള്‍ക്ക് 16 എം.എല്‍.എമാരാണുള്ളത്. വിമതരും സ്വതന്ത്രരുമടക്കം 20 എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ശിവസേനയോ എന്‍സിപിയോ ഇല്ലാതെ അവര്‍ക്ക് എന്തായാലും എണ്ണം തികക്കാനാവില്ല.

എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും പിളര്‍ത്തി കര്‍ണാടക മോഡല്‍ ഭൂരിപക്ഷം ഒപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി ക്യാമ്പില്‍ ഇപ്പോള്‍ നടന്നു വരുന്നത്. കാലുമാറ്റം തടയാനുള്ള ജാഗ്രത കോണ്‍ഗ്രസും എന്‍.സി.പിയും കാട്ടുന്നുണ്ടെങ്കിലും അത് എത്രമാത്രം ഏശുമെന്നത് കണ്ട് തന്നെ അറിയണം.

ഭരണത്തില്‍ 50:50 എന്ന നിലപാടില്‍ അവസാന നിമിഷവും ഉറച്ച് നില്‍ക്കുകതന്നെയാണ് ശിവസേന. മോഡിയും അമിത്ഷായും നടത്തിയ അനുരഞ്ജനത്തിനും ഉദ്ദവ് താക്കറെ വഴങ്ങിയിട്ടില്ല. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി പങ്കുവെക്കുകയുമെന്ന ഫോര്‍മുലയില്‍ നിന്നും ഒരിക്കലും പിന്നോക്കം പോകരുതെന്ന് സേന എം.എല്‍.എമാരും ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 41 സീറ്റും ബി.ജെ.പി-സേന സഖ്യമാണ് നേടിയിരുന്നത്. മഹാവിജയത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ ഭരണംപോലും നഷ്ടമാകുന്ന പ്രതിസന്ധി ബി.ജെ.പിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ എം.പിമാരുള്ള മഹാരാഷ്ട്രയില്‍ നിന്നും പ്രതീക്ഷിച്ച രാജ്യസഭാ സീറ്റുകള്‍ ഉറപ്പിക്കാനാവില്ലെന്ന തിരിച്ചടിയും ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തറന്ന് കാട്ടുന്നതാണ്.

ആദിത്യതാക്കറെയെ മുഖ്യമന്ത്രിയാക്കിയാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ തലവേദനയായിരിക്കും ബി.ജെ.പിക്ക് ശിവസേന സമ്മാനിക്കുക. മഹാരാഷ്ട്രക്ക് പുറമെ ഉത്തര്‍പ്രദേശിലും തീവ്രഹിന്ദുത്വമുയര്‍ത്തി ചുവടുറപ്പിക്കാനാണ് ശിവസേന തന്ത്രം മെനഞ്ഞുകൊണ്ടിരിക്കുന്നത്.

രാമക്ഷേത്രനിര്‍മ്മാണ ആവശ്യം ഉയര്‍ത്തി അടുത്തയിടെ ഉദ്ദവ് താക്കറെയും ശിവസേനയുടെ 18 എം.പിമാരും അയോധ്യസന്ദര്‍ശിച്ചത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളുമടക്കം രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഉദ്ദവ് താക്കറെയുടെ വാക്കുകളെയാണ് പിന്തുണച്ചിരുന്നത്. ഈ നിലപാട് മോഡിയെയും അമിത്ഷായെയും വരെ ഞെട്ടിക്കുന്നതായിരുന്നു.

മഹാരാഷ്ട്രയില്‍ മറാത്താവാദം ഉയര്‍ത്തുന്ന പ്രാദേശിക പാര്‍ട്ടിയായ ശിവസേന, രാമക്ഷേത്രം ഉയര്‍ത്തി യു.പിയില്‍ എത്തുന്നത് ബി.ജെ.പിക്കാണ് രാഷ്ട്രീയ തിരിച്ചടിയാവുക. 18 ലോക്‌സഭാംഗങ്ങളുണ്ടായിട്ടും ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രമാണ് നരേന്ദ്രമോഡി ശിവസേനക്ക് നല്‍കിയിരിക്കുന്നത്.ബീഹാറില്‍ ആറ് ലോക്‌സഭാംഗങ്ങള്‍ മാത്രമുള്ള ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കിയ ബി.ജെ.പി, മൂന്നിരട്ടി എം.പിമാരുണ്ടായിട്ടും ശിവസേനക്ക് അതേ പരിഗണന മാത്രം നല്‍കിയത് ഉദ്ദവ് താക്കറെയെ പ്രകോപിപ്പിച്ച മറ്റൊരു ഘടകമാണ്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പിടിച്ചും ശിവസേനയെ ഉത്തര്‍പ്രദേശിലേക്ക് വളര്‍ത്തിയും ഈ അപമാനത്തിന് മധുര പ്രതികാരം നല്‍കാനാണ് ഉദ്ദവ് താക്കറെ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബാല്‍താക്കറെ 1966ല്‍ ശിവസേന രൂപീകരിച്ചശേഷം കുടുംബത്തിലെ ഒരു അംഗവും ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഭരണഘടനാ പദവി വഹിക്കുകയോ ചെയ്തിട്ടില്ല. ശിവസേനക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി നേടിക്കൊടുക്കുമെന്ന് ഉദ്ദവ് താക്കറെ പിതാവ് ബാല്‍താക്കറെക്ക് നല്‍കിയ ഉറപ്പാണ്. ഈ വാക്ക് പാലിക്കാനാണ് ഇപ്പോള്‍ ഉദ്ദവ് താക്കറെ ശ്രമിക്കുന്നത്. മകന്‍ ആദിത്യതാക്കറെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ എം.എല്‍.എയായതോടെ ഇനി മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊന്നും ഉദ്ദവിന്റെയും സേനയുടെയും മനസിലില്ല.

ഹിന്ദുത്വപാര്‍ട്ടികളായ ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തിനായി കടിപിടി കൂടുമ്പോള്‍ അമ്പരന്നിരിക്കുന്നത് അവരുടെ അനുയായികള്‍ തന്നെയാണ്. പരസ്പരം പോരടിക്കുന്ന കാവിപ്പട സ്വന്തം കുഴികള്‍ തന്നെയാണ് ഇപ്പോള്‍ തോണ്ടുന്നത്.

political reporter

Top