തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ പ്രഹരം; വിമര്‍ശനവുമായി ശിവസേന

മുംബൈ:തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാത്തതിനു പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. തിരഞ്ഞെടുപ്പ് ഫലം ‘മഹാജനവിധി’യല്ലെന്നുംഅധികാരത്തിന്റെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവര്‍ക്കുള്ള പ്രഹരമാണെന്നും ശിവസേന പറഞ്ഞു.

മുഖപത്രമായ ‘സാമ്ന’യിലാണ് ബിജെപിക്കെതിരെ ശിവസേന പരോക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. മോശം പ്രവര്‍ത്തനങ്ങള്‍ നടത്തി,പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന ധാരണയാണ് ജനം തിരുത്തിയിരിക്കുന്നത്. എതിരാളികളെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് കോണ്‍ഗ്രസും എന്‍സിപിയുംപ്രകടനം മെച്ചപ്പെടുത്തിയതിലൂടെ തെളിയുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേതാക്കളെ അടര്‍ത്തിയെടുത്ത് എന്‍സിപിയെ ബിജെപി ക്ഷീണിപ്പിച്ചു. ശരത് പവാറിന്റെ പാര്‍ട്ടിക്ക് ഇനി ഭാവിയില്ലെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ എന്‍സിപി അമ്പതിലേറെ സീറ്റുകള്‍ നേടി. നേതൃത്വമില്ലാതെ കോണ്‍ഗ്രസ് 44 സീറ്റുകളും പിടിച്ചെടുത്തു. അധികാരത്തില്‍ അഹങ്കാരം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പും പ്രഹരവുമാണ്- സാമ്ന പറയുന്നു.

2014ല്‍ 122 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 109 സീറ്റുകളാണ് ലഭിച്ചത്. 63 സീറ്റുകളുണ്ടായിരുന്ന ശിവസേന 56 സീറ്റുകളിലേക്കെത്തി. 25 സീറ്റുകളില്‍ ചെറുപാര്‍ട്ടികളാണ് ജയിച്ചത്. ജനങ്ങള്‍ ജാഗ്രത കാണിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും കൂറുമാറിവന്ന സ്ഥാനാര്‍ഥികളെ ജനം പരാജയപ്പെടുത്തിയത് പാഠമാക്കണമെന്നും ശിവസേന മുഖപത്രം ഓര്‍മ്മപ്പെടുത്തി.

Top