മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ഭൂചലനം; ഭൂകമ്പത്തിനിടെ രണ്ട് വയസ്സുകാരി വീണു മരിച്ചു

EARTH-QUAKE

പാല്‍ഘര്‍: മഹാരാഷ്ട്രയില്‍ ഉണ്ടായ ഭൂചലനത്തില്‍ പെണ്‍കുട്ടി വീണു മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് രണ്ടുവയസുകാരിയായ വൈഭവി രമേശ് ഭുയാല്‍ വീണ് മരിച്ചത്. വീഴ്ചയ്ക്കിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3 മുതല്‍ 4.1 വരെ രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വീടുകളുടെ ചുമരുകള്‍ തകരുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് തുടര്‍ച്ചയായ ഭൂചലനം ഉണ്ടായത്. ആറ് തവണ ഭൂകമ്പമുണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 6.58, 10.03, 10.29 ഉച്ചയ്ക്ക് 2.06, 3.53, 4.57 എന്നീ സമയങ്ങളിലാണ് പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തിയത്. 2018 നവംബര്‍ മുതല്‍ ഈ മേഖലയില്‍ ചെറിയ ചലനങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

Top