ഉദ്ധവ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടണം; സുപ്രീം കോടതി

മുംബൈ: ഉദ്ധവ് താക്കറെ മന്ത്രിസഭ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന് സുപ്രീം കോടതി. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ വിധി. നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

വിശ്വസ വോട്ടെടുപ്പിനെതിരെ ശിവസേന വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്‌. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.

ഷിന്ദേ അടക്കം 16 സേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് നിര്‍ദേശം.

Top