5 സ്റ്റാര്‍ ഹോട്ടല്‍ താമസം തള്ളി മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ കര്‍ഷക പ്രതിഷേധത്തില്‍

ഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് നേതാവ് വിനോദ് നിക്കോളെ ഇതിനകം തന്നെ രാജ്യത്ത് ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മഹാനാടകങ്ങള്‍ അരങ്ങേറുന്ന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സിപിഐഎം എംഎല്‍എയാണ് ഇദ്ദേഹം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ 5 സ്റ്റാര്‍ ഹോട്ടലില്‍ സുഖവാസം നടത്തുമ്പോള്‍ നിക്കോളെ കര്‍ഷകപ്രതിഷേധത്തില്‍ സംസാരിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്ര സിപിഎം പങ്കുവെച്ചത്.

സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോഴാണ് നിക്കോളെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായത്. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. ‘മഹാരാഷ്ട്ര കളക്ടറേറ്റ് ഓഫീസില്‍ എഐകെഎസ് റാലി. സിപിഐഎം എംഎല്‍എ വിനോദ് നിക്കോളെ ഓഫീസിന് പുറത്ത് വഴിതടയല്‍ സമരത്തില്‍ സംസാരിക്കുന്നു’, സിപിഎം ട്വീറ്റ് ചെയ്തു.

രാഷ്ട്രീയപോരാട്ടത്തിന് ഇറങ്ങി വിലപേശല്‍ നടത്താതെ പാല്‍ഗര്‍, താനെ ജില്ലകളിലെ ഗ്രാമങ്ങളില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ തയ്യാറായ വിനോദ് നിക്കോളെയെ അഭിനന്ദിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. ‘ബിജെപി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങുന്നു, തടയാന്‍ പ്രതിപക്ഷം എംഎല്‍എമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ താമസം നല്‍കുന്നു. പക്ഷെ ഒരു എംഎല്‍എ മാത്രം വില്‍പ്പനയ്ക്കില്ല, സിപിഎമ്മിന്റെ വിനോദ് നിക്കോളെ’, സിപിഎം ട്വീറ്റ് ചെയ്തു.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ നിക്കോളെയെ ഹോട്ടല്‍ താമസത്തിന് ക്ഷണിച്ചെങ്കില്‍ ഇദ്ദേഹം നിരാകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

Top