മഹാരാഷ്ട്രയിൽ ‘വിലപേശലും’ തകൃതി, വ്യത്യസ്തനായി സി.പി.എം അംഗം !

നലെരിയുന്ന സമരപഥങ്ങൾ കയറിയ ഒരു എം.എൽ.എ മഹാരാഷ്ട്ര നിയമസഭയിലും നിലവിലുണ്ട്. സി.പി.എം നേതാവായ വിനോദ് നിക്കോളെ ആണത്. പാവങ്ങൾക്കു വേണ്ടി നിരവധി പോരാട്ടങ്ങൾ നയിച്ച തികഞ്ഞ മനുഷ്യ സ്നേഹികൂടിയാണ് ഈ കമ്യൂണിസ്റ്റ്. ഒരു വോട്ടിനു പോലും നിർണ്ണായക റോളുണ്ടായ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിനോദ് നിക്കോളെയുടെ പിന്തുണ തേടി അദ്ദേഹത്തെ നേരിട്ടു വിളിച്ചവരിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാത്രമല്ല മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്നവാസും ഉണ്ടായിരുന്നു. തന്റെ പാർട്ടിയുടെ നിലപാട് ബി.ജെ.പിക്ക് എതരാണെന്ന് ഫട്നവാസിനോട് തുറന്നു പറഞ്ഞ നിക്കോളെ പ്രത്യായശാസ്ത്രപരമായ ഉത്തരവാദിത്വമാണ് അവിടെയും ഉയർത്തിപ്പിടിച്ചിരുന്നത്.

ഇതിനു മുൻപ് 2019-ൽ, സർക്കാർ രൂപീകരണ ഘട്ടത്തിൽ നടന്ന റിസോർട്ട് രാഷ്ട്രീയത്തോട് മുഖം തിരിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങിയ ഏക എം.എൽ.എയും വിനോദ് നിക്കോളെയാണ്. അന്ന് എൻ.സി.പിയെ പിളർത്തിയാണ് ബി.ജെ.പി സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നത്. വിശ്വാസവോട്ട് മുൻ നിർത്തി മുഴുവൻ എം.എൽ.എമാരെയും മറ്റു പാർട്ടികൾ റിസോർട്ടിൽ പാർപ്പിച്ചപ്പോൾ സ്വന്തം കുടിലിൽ അന്തിയുറങ്ങിയും സൈക്കിളിൽ സഞ്ചരിച്ചുമാണ് സി.പി.എം എം.എൽ.എ കർമ്മനിരതനായിരുന്നത്. നിക്കോളെയെ ‘റാഞ്ചാൻ’ ചെങ്കൊടി കടന്ന് ദഹാനുവിൽ എത്താൻ ആരും ധൈര്യപ്പെട്ടിരുന്നുമില്ല. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. മുൻപ് എൻ.സി.പിയെ ആണ് ബി.ജെ.പി പിളർത്തിയതെങ്കിൽ ഇത്തവണ ശിവസേനയെ തന്നെയാണ് പിളർത്തിയിരിക്കുന്നത്. 34 എംഎൽഎമാരുടെ പട്ടികയാണ് വിമത നേതാവ് ഏക്നാഥ് ഷിന്ദെ പുറത്തു വിട്ടിരിക്കുന്നത്. ഗുവാഹത്തിയിലെ ഒരു റിസോർട്ടിലാണ് വിമത എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്.
അവശേഷിക്കുന്ന എം.എൽ.എമാരെ പിടിച്ചു നിർത്താൻ ശിവസേനയും സഖ്യകക്ഷികളായ കോൺഗ്രസ്സും എൻ.സി.പിയും നിലവിൽ പയറ്റുന്നത് റിസോർട്ട് രാഷ്ട്രീയം തന്നെയാണ്.

ശിവസേനയ്ക്ക് 55 അംഗങ്ങളാണെന്നിരിക്കേ കൂറുമാറ്റനിയമം ബാധകമാവാതിരിക്കാൻ ഏക്‌നാഥ് ഷിന്ദേയ്ക്കൊപ്പം ഉണ്ടാവേണ്ടത് 37 പേരാണ്. തനിക്കൊപ്പം ശിവസേനയുടെ 34 എം.എൽ.എ.മാരും സ്വതന്ത്രരുൾപ്പെടെ 47 പേരുമുണ്ടെന്നാണ് ഷിന്ദേ അവകാശപ്പെടുന്നത്. വിമത ക്യാംപിൽ എം.എൽ.എമാർ എത്ര തന്നെ ആയാലും താക്കറെ കുടുംബത്തെ സംബന്ധിച്ച് ഇതൊരു വലിയ തിരിച്ചടി തന്നെയാണ്.സംസ്ഥാന സർക്കാറിന്റെ ഇൻ്റലിജൻസ് പരാജയമായും ഈ കൂട്ടകൂറുമാറ്റത്തെ വിലയിരുത്താവുന്നതാണ്. കൃത്യമായ വിവരം ഇന്റലിജൻസിൽ നിന്നും മുഖ്യമന്ത്രിക്കു കിട്ടിയിരുന്നു എങ്കിൽ ഈ ഒരവസ്ഥ എന്തായാലും ഉണ്ടാകില്ലായിരുന്നു. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. ഭൂരിപക്ഷം സംബന്ധിച്ച് തർക്കം കോടതികയറുമ്പോഴെല്ലാം 1994-ലെ എസ്.ആർ. ബൊമ്മെ കേസിലെ സുപ്രീംകോടതിയുടെ സുപ്രധാനവിധിയാണ് പ്രധാന മാനദണ്ഡമാക്കാറുള്ളത്. ഭൂരിപക്ഷത്തർക്കം സഭയിൽ വിശ്വാസവോട്ടിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് എസ്.ആർ. ബൊമ്മെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.വിശ്വാസ വോട്ടെടുപ്പിലേക്ക് മഹാരാഷ്ട്ര നിയമസഭ പോയാൽ ഓരോ വോട്ടും അവിടെ നിർണ്ണായകമാകും. ഇത്തരമൊരു സാഹചര്യത്തിൽ വിനോദ് നിക്കോളെയുടെ മൂല്യവും അതോടെ വർദ്ധിക്കും. ഒരു റിസോർട്ടിലും പാർപ്പിക്കാതെയും ഒരു ചായപോലും വാങ്ങി കൊടുക്കാതെയും ബി.ജെ.പിക്ക് എതിരായി ഉറപ്പിക്കാവുന്ന ‘ഒന്നാംതരം’ വോട്ടു തന്നെയാണത് …

EXPRESS KERALA VIEW

Top