മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തെ പിന്തുണയ്ക്കില്ലങ്കിലും എതിര്‍ക്കില്ലെന്ന് സിപിഎം

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഗവര്‍ണറുടേതായി പുറത്തുവന്ന കത്ത് തെറ്റെന്ന് സിപിഎം. അധികാരത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ കഴിയുമെങ്കില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കില്ലെന്നും, നിയമസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ത്രികക്ഷി സഖ്യത്തോടൊപ്പം ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും സഖ്യത്തോടുള്ള നിലപാട് വിഷയാധിഷ്ഠിതമായിരിക്കുമെന്നും ഏക സിപിഎം എംഎല്‍എ വിനോദ് നിക്കോളെ വിശദീകരിച്ചു.

അതേസമയം സ്വന്തം മണ്ഡലമായ ദഹാനുവില്‍ കര്‍ഷകരുടെ മാര്‍ച്ച് അഭിസംബോധന ചെയ്യുന്ന വിനോദ് നിക്കോളെയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

കടം എഴുതിത്തള്ളണമെന്നും, കര്‍ഷകസഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നടന്ന, ചരിത്രമായ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചത് സിപിഎമ്മിന്റെ ഓള്‍ ഇന്ത്യാ കിസാന്‍ സഭ അടക്കമുള്ള കര്‍ഷക സംഘടനകളാണ്.

ദഹാനുവില്‍ വടാപാവ് വിറ്റുകൊണ്ടിരുന്ന വിനോദ് നിക്കോളെ 2015-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. ഇന്ന് മുഴുവന്‍ സമയപാര്‍ട്ടി പ്രവര്‍ത്തകനാണ്.

Top