മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ ? ; കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന ചര്‍ച്ച ഇന്ന്

മുംബൈ : തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷം ദിവസങ്ങളോളം നീണ്ടുനിന്ന നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലേക്ക്.

അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന ചര്‍ച്ച നടക്കും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാത്രി വൈകിയും ശിവസേനയുടെ ഉദ്ദവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ എന്‍സിപിയുടെ ശരദ് പവാറുമായി ചര്‍ച്ചകള്‍ തുടര്‍ന്നു.

മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നൽകാനും ഉപമുഖ്യമന്ത്രി പദങ്ങള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും എന്ന നിലക്കാണ് ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത്. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന ആവശ്യം എന്‍സിപി മുന്‍പോട്ട് വച്ചെങ്കിലും ശിവസേന അംഗീകരിച്ചിട്ടില്ല. മന്ത്രിസഭയില്‍ 16 അംഗങ്ങള്‍ ശിവസേനക്കും, 15 അംഗങ്ങള്‍ എന്‍സിപിക്കും 12 അംഗങ്ങള്‍ കോണ്‍ഗ്രസിനുമെന്നതില്‍ ധാരണയായെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിവരം.

Top