മഹാരാഷ്ട്ര മന്ത്രിസഭാ; ആഭ്യന്തരവും ധനകാര്യവും ഉപ മുഖ്യമന്ത്രി ഫഡ്‌നാവിസിന്

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പിന്നാലെ ഏക്‌നാഥ് ഷിൻഡെക്ക് നഗര വികസന വകുപ്പിന്റെ ചുമതല കൂടിയുണ്ടാകും. ആഭ്യന്തരവും ധനകാര്യവും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ്.

മന്ത്രിമാരെ തീരുമാനിക്കുന്നതിൽ ഷിൻഡെയും ഫഡ്നാവിസും തമ്മിൽ തർക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.തുടര്‍ന്നാണ് ഇന്ന് മന്ത്രിസഭ വിഭജനം പൂര്‍ത്തിയാക്കിയത്.

റവന്യൂ വകുപ്പ് മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീലിനാണ്.വനം വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാറിനും നൽകി. ചന്ദ്രകാന്ത് പാട്ടീലാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസമന്ത്രിയായി ദീപക് കേസർകറും കൃഷി മന്ത്രിയായി അബ്ദുൾ സത്താറും ചുമതലയേൽക്കും. വിജയകുമാർ ഗാവിറ്റിന് ആദിവാസി വികസനം വകുപ്പും നൽകി. കഴിഞ്ഞയാഴ്ചയാണ് 18 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രി സഭ വിപുലീകരിച്ചത്.

ജൂൺ 30 ന് ഏക്നാഥ് ഷിൻഡെ മുഖ്യമ​​ന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ ഒന്നരമാസമായിട്ടും തീരുമാനമായില്ലായിരുന്നു. രണ്ടംഗ മന്ത്രിസഭയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

 

Top