മഹാരാഷ്ട്രയിൽ ഇനി യഥാർത്ഥ പോരാട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞ്, പിടിമുറുക്കി സേന

ത്രപദി ശിവജിയുടെ പോരാട്ടവീര്യം തുടിക്കുന്ന മഹാരാഷ്ട്രയില്‍ കാവിപ്പടയില്‍ അടിയൊഴുക്കുകളിപ്പോള്‍ ശക്തമാണ്. തനിച്ചു ഭരിക്കാനുള്ള പടയൊരുക്കമാണ് ബി.ജെ.പി ഇവിടെ നടത്തിവരുന്നത്. സഖ്യകക്ഷിയായ ശിവസേനയില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാനുള്ള കരുനീക്കങ്ങളിലാണ് അവരിപ്പോള്‍.

കാശ്മീരിന് പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുള്ള ജനവിധിയായിരിക്കും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ഷക ആത്മഹത്യകളും ജി.എസ്.ടിയും നോട്ടുനിരോധനവും വരുത്തിയ സാമ്പത്തിക തകര്‍ച്ചയൊന്നുമായിരിക്കില്ല രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ വിധി നിര്‍ണയിക്കുകയെന്നാണ് അമിത് ഷാ കണക്ക്കൂട്ടുന്നത്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ തന്നെയാണ് ബി.ജെ.പി ഇവിടെ രണ്ടാമതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ചിരിക്കുന്നത്.

140 നിയോജകമണ്ഡലങ്ങളിലൂടെ 4000 കിലോമീറ്റര്‍ സഞ്ചരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മഹാജനദേശ് യാത്രയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. യാത്രയുടെ സമാപനറാലിയില്‍ കാശ്മീര്‍ വിഷയത്തിലെ ജനപിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് തേടിയിരുന്നത്.

288 അംഗ നിയമസഭയില്‍ ഒറ്റക്ക് ഭരിക്കാമെന്ന ആത്മവിശ്വാസം മോദിക്ക് മുന്നിലും മുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രകടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വല്യേട്ടനായിരുന്ന ശിവസേനക്ക് പകുതി സീറ്റുകള്‍പോലും നല്‍കാതെ ഒതുക്കാനും ബി.ജെ.പിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരുപാര്‍ട്ടികളും പരസ്പരം കാലുവാരിയാല്‍ ഈ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിയാനാണ് സാധ്യത. 288 സീറ്റുകളില്‍ ബി.ജെ.പി 164സീറ്റിലും ശിവസേന 124 സീറ്റുകളിലും മത്സരിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മഹാരാഷ്ട്രയില്‍ സഖ്യമായി ശിവസേന ബി.ജെ.പിയേക്കാള്‍ കുറഞ്ഞ സീറ്റുകളില്‍ മത്സരിക്കുന്നത്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുവിഭജനത്തില്‍ ധാരണയാകാഞ്ഞതോടെ ബി.ജെ.പിയും ശിവസേനയും വേറിട്ടാണ് മത്സരിച്ചിരുന്നത്. 122 സീറ്റുമായി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോള്‍ ശിവസേന 63 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പിനു ശേഷമാണ് ഇരുകക്ഷികളും സഖ്യമായി സര്‍ക്കാര്‍ രൂപീകരിച്ചത്.

അതേസമയം കഴിഞ്ഞ തവണത്തെ 83 സീറ്റുകള്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 41 സീറ്റും നേടിയത് എന്‍.ഡി.എയായിരുന്നു. ബി.ജെ.പി 23 എം.പിമാരെ നേടിയപ്പോള്‍ ശിവസേനക്ക് 18 എം.പിമാരെയാണ് ലഭിച്ചത്. യു.പി.എയില്‍ എന്‍.സി.പിക്ക് നാല് സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ്‌കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഒരു സീറ്റ് നേടി കരുത്ത് കാട്ടുകയുമുണ്ടായി.

ലോക്‌സഭയേക്കാള്‍ വലിയ അനുകൂലതരംഗമാണിപ്പോള്‍ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍നിന്നെന്നാണ് ദേശീയനേതൃത്വം അവകാശപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കാവിയണിഞ്ഞതും കാവിപടയ്ക്ക് ബലം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്‍.സി.പി നേതാവ് ശരത്പവാറിനെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കുടുക്കിയതും പവാറിന്റെ മകന്‍ അജിത് പവാറിനെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് അഴിമതിയില്‍ പ്രതിയാക്കിയതും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസും എന്‍.സി.പിയും അവരുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും പതറുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് കോട്ടകളായ വിദര്‍ഭ. മറാത്ത്‌വാഡ, വടക്കന്‍ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെല്ലാം വലിയ തിരിച്ചടിയാണ് അവര്‍ നേരിടുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ശക്തരായിരുന്ന എന്‍.സി.പിയുടെ നിലയും ഇപ്പോള്‍ ഏറെ പരുങ്ങലിലാണ്.

അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡി കോണ്‍ഗ്രസിന്റെ ദലിത്, മുസ്‌ലീം വോട്ടുബാങ്കിന് ഭീഷണിയാണ്.

മോദിയുടെ പ്രധാന വിമര്‍ശകനായ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയെ സംബന്ധിച്ച് മകനെ മുഖ്യമന്ത്രിയാക്കുകയാണ് പ്രധാന ലക്ഷ്യം. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നേടിക്കൊടുക്കുമെന്ന് മുന്‍പ് ബാല്‍താക്കറെക്ക് നല്‍കിയ ഉറപ്പ് പാലിക്കുക എന്നത് അഭിമാനപ്രശ്‌നമായാണ് അദ്ദേഹം കാണുന്നത്. ഇത്തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കായിരിക്കുമെന്നാണ് ഉദ്ദവ് പ്രഖ്യാപിച്ചിരിക്കുന്നത്. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ഒരാള്‍ ഇത്തവണ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതകൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.

ഉദ്ദവ് താക്കറെയുടെ മൂത്ത മകന്‍ ആദിത്യ താക്കറെയാണ് മത്സരരംഗത്തുള്ളത്. ശിവസേനയുടെ കോട്ടയായ വോര്‍ലി മണ്ഡലത്തിലാണ് ആദിത്യ മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എ സുനില്‍ ഷിന്‍ഡേയാണ് ആദിത്യക്കുവേണ്ടി സീറ്റ് വിട്ടു നല്‍കിയിരിക്കുന്നത്. ബാലര്‍താക്കറെ 1966ല്‍ ശിവസേന രൂപീകരിച്ചശേഷം കുടുംബത്തിലെ ഒരു അംഗവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഭരണഘടനാ പദവി വഹിക്കുകയോ ചെയ്തിരുന്നില്ല. മത്സരരംഗത്തുള്ള ആദിത്യ, ജന്‍ ആശീര്‍വാദ് യാത്ര നടത്തി സേനാപ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം ഇതിനകം പകര്‍ന്നിട്ടുണ്ട്.

തനിച്ചു ഭരിക്കാന്‍ ബി.ജെ.പിയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേനയും നടത്തുന്ന കരുനീക്കങ്ങളിലെ വെട്ടിനിരത്തലില്‍ മാത്രമാണിപ്പോള്‍ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തിന്റെ ഏക പ്രതീക്ഷ. പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റകെട്ടായി നിര്‍ത്തുന്നതില്‍ ഈ സഖ്യം വലിയ പരാജയമാണ്. ദയനീയ പരാജയത്തിലും അധികാരകൊതിയാണ് കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കളെ നയിക്കുന്നത്.

കര്‍ഷക പ്രക്ഷോഭത്തില്‍ തിളച്ച് മറിഞ്ഞ മേഖലകളില്‍ സി.പി.എമ്മിന് പോലും അര്‍ഹമായ പരിഗണന നല്‍കാന്‍ എന്‍.സി.പി ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ മന്ത്രി സ്ഥാനം അടക്കം നല്‍കി സി.പി.എം, എന്‍.സി.പിയോട് വലിയ പരിഗണന കാട്ടുമ്പോഴാണ് ഈ കൊടും അവഗണന. പാലായില്‍ ഒരു ബസില്‍ കയറ്റാനുള്ള പ്രവര്‍ത്തകര്‍ പോലുമില്ലാത്ത എന്‍.സി.പിയുടെ നേതാവിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും സി.പി.എമ്മിന്റെ മാത്രം കരുത്തിനാലാണ്. ആ പാര്‍ട്ടിയോടാണ് സ്വന്തം സ്വാധീനമേഖലയില്‍ എന്‍.സി.പി നേതൃത്വം അവഗണന തുടരുന്നത്.

മഹാരാഷ്ട്രയെ സംബന്ധിച്ച് ചെങ്കൊടിയുടെ ശക്തി ഇന്ന് ആ നാടിന് വ്യക്തമാണ്. പതിനായിരക്കണക്കിന് കര്‍ഷകരെ അണി നിരത്തി സിപിഎം കര്‍ഷക സംഘടനയായ കിസാന്‍ സഭ നടത്തിയ ലോങ് മാര്‍ച്ച് രാജ്യത്തെ തന്നെ പിടിച്ചുലച്ച ഉജ്വല സമരമായിരുന്നു. സര്‍ക്കാറിനെ കൊണ്ട് ആവശ്യങ്ങള്‍ അഗീകരിപ്പിക്കാന്‍ ഈ ചുവപ്പ് മുന്നേറ്റത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആരുടെ പിന്തുണയില്ലെങ്കിലും ശക്തിതെളിയിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണിപ്പോള്‍ സി.പി.എം. ഒറ്റക്കായാലും കനല്‍ ഒരു തരി മതി നിയമസഭയില്‍ ആളിക്കത്താനെന്നാണ് അവരുടെ വാദം.

Political reporter

Top