ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെ. നാഗ്പൂരില്‍ നിയമസഭാ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം. പൊതുപരിപാടിയില്‍ തെലി സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കെ, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നായിരുന്നു ബവന്‍കുളെ പറഞ്ഞത്.

‘മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിന് കിട്ടുന്ന തരത്തില്‍ നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കണം. അദ്ദേഹത്തിന് ആ സ്ഥാനം ലഭിക്കുകയെന്നതിനപ്പുറത്തേക്ക്, മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണത്. ഒരാള്‍ക്ക് മഹാരാഷ്ട്രയുടെ ഭാവി നിര്‍വചിക്കാന്‍ കഴിയുമെങ്കില്‍ അത് ദേവേന്ദ്രജിയാണ്.’ ചന്ദ്രശേഖര്‍ ബവന്‍കുളെ പറഞ്ഞു. നാഗ്പൂരില്‍ ഒറ്റ വേദിയില്‍ മാത്രം അധ്യക്ഷന്റെ പരാമര്‍ശം ഒതുങ്ങിയെങ്കിലും ബിജെപിക്കകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അധ്യക്ഷന്‍ പറഞ്ഞത് ബിജെപിക്കാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു സത്യമാണെന്ന് പരാമര്‍ശത്തോട് എന്‍സിപി പ്രതികരിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസാണ് യഥാര്‍ത്ഥ മുഖ്യമന്ത്രിയെന്ന് മന്ത്രി ചന്ദ്രശേഖര്‍ പട്ടീലിന്റെ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എന്‍സിപി നേതാവ് അമോല്‍ ഇക്കാര്യം പറഞ്ഞത്. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പുറത്താക്കാന്‍ ബിജെപി അണിയറയില്‍ പ്ലാന്‍ ബി ഒരുക്കുന്നതിന്റെ സൂചനയാണിതെന്നും എന്‍സിപി നേതാവ് പ്രതികരിച്ചു.

Top