മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ല;മഹാരാഷ്ട്രയില്‍ പിടിമുറുക്കി ശിവസേന, മറുതന്ത്രം തേടി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ അധികാര തര്‍ക്കം മുറുകുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം ദിവസമായിട്ടും മന്ത്രി സഭ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ ശിവസേനയും ബിജെപിയും രണ്ട് ചേരിയില്‍ നിന്ന് പോരടിക്കുകയാണ്.

മുഖ്യമന്ത്രി പദത്തെ കുറിച്ച് മാത്രമേ ഇനി ചര്‍ച്ച ഉണ്ടാവുകയുള്ളൂ. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയാറായില്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ശിവസേന അറിയിച്ചു കഴിഞ്ഞു. തങ്ങള്‍ ആദ്യം കണ്ണുചിമ്മുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ശിവസേന വ്യക്തമാക്കി.

‘ഇതുവരെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പദത്തെ കുറിച്ച് സംസാരിക്കാന്‍ മാത്രമായിരിക്കും’, സേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.സേനയുടെ മുഖപത്രമായ സാംനയിലും ഇതുസംബന്ധിച്ച് പരാമര്‍ശമുണ്ടായി.

കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും എന്‍സിപിയുടെ 54 എംഎല്‍എമാരും കുറച്ച് സ്വതന്ത്രരുമായി ചേര്‍ന്ന് സേനയ്ക്ക് സര്‍ക്കാരുണ്ടാക്കാനാകും. അങ്ങനെവരുമ്പോള്‍ മൂന്നു സ്വതന്ത്ര പ്രത്യശാസ്ത്രങ്ങളുള്ളവരുടെ നയങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചാല്‍ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പരാജയമെന്നും സേന മുഖപത്രത്തില്‍ വ്യക്തിമാക്കി. നവംബര്‍ 7നു മുന്‍പ് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു പോകുമെന്ന് ബിജെപി മന്ത്രി സുധീര്‍ മുന്‍ഗന്‍തിവാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നാളെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശിവസേനയോടുള്ള ഇരുപാര്‍ട്ടികളുടെയും നിലപാടില്‍ മാറ്റമുണ്ടോയെന്ന് ഈ കൂടിക്കാഴ്ചയ്ക്കു ശേഷം അറിയാം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം നേതാവുമായ ഹുസൈന്‍ ദല്‍വായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയിരുന്നു.

Top