മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി

മുംബൈ : രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനു പിന്നാലെ വാർത്താ സമ്മേളനത്തിലാണ് സേനാ തലവൻ ഉദ്ധവ് താക്കറെ നിലപാടു വ്യക്തമാക്കിയത്. ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് ഉദ്ധവ് പ്രതികരിച്ചത്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ബിജെപിക്ക് ചേർന്നു പ്രവർത്തിക്കാമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സേന കോൺഗ്രസുമായി കൈകോർക്കുന്നതും സാധ്യമാണെന്ന് താക്കറെ പറഞ്ഞു.

ഞങ്ങളെയും ബിജെപിയെയും ഒരുമിപ്പിച്ചത് രാമക്ഷേത്രമാണ്. പക്ഷേ ശ്രീരാമൻ വാക്കു പാലിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയം മറ്റൊരു ദിശയിലേക്കാണു പോകുന്നത്. അതിന് ആവശ്യമുള്ള സമയം കൊടുക്കണം.’ – താക്കറെ പറഞ്ഞു.

അതേസമയം സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ഇനിയും പ്രതീക്ഷയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് നാരായണ്‍ റാണെയും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ മൂന്ന് ദിവസം കൂടി വേണമെന്ന ആവശ്യം നിഷേധിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്.

Top