മിശ്ര വിവാഹിതരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമവുമായി മഹാരാഷ്ട്ര

intercaste

മുംബൈ: മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരുന്നു. ദുരഭിമാന കൊലകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ നിന്നും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യവുമായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ജാതി, മത ഭേദമില്ലാതെ പരസ്പരം വിവാഹം കഴിക്കുന്ന ദമ്പതിമാര്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്ന സംഭവങ്ങളും ഈ നിയമം വഴി നിരോധിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി രാജ്കുമാര്‍ ബഡോലെ വ്യക്തമാക്കി. അതേസമയം, ഇവര്‍ക്ക് എന്ത് തരം സംരക്ഷണമാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദുരഭിമാനക്കൊലയുടെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് മഹാരാഷ്ട്ര. 2016-ല്‍ ദുരഭിമാനത്തിന്റെ പേരില്‍ 69 ആക്രമണങ്ങള്‍ നടന്നതായും ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ക്രൈം ഇന്ത്യ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാത്രവുമല്ല മിശ്രവിവാഹം കഴിക്കുന്നവരിലെ പങ്കാളികളിലൊരാള്‍ മുതിര്‍ന്ന ജാതിയില്‍ പെട്ടയാളും മറ്റേയാള്‍ താഴ്ന്ന ജാതിക്കാരനുമാണെങ്കില്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടിക്ക് ജാതി സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മിശ്രവിവാഹങ്ങള്‍ക്ക് വേണ്ടി സ്പെഷ്യല്‍ മ്യാരേജ് ആക്ട് നിലവിലുണ്ടെന്നും ഇതിലെ ചില വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ നിയമത്തിലെ പല വ്യവസ്ഥകളും ശരിയായി പാലിക്കപ്പെടുന്നില്ലെന്നും മിശ്രവിവാഹിതര്‍ക്ക് ഡല്‍ഹിയിലെ അംബേദ്കര്‍ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നത് പോലെയുള്ള പദ്ധതികളും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ നിയമം വിവിധ വ്യക്തി നിയമങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ മതസംഘടനകളുമായി കൂടിയാലോചിക്കുമെന്നും മന്ത്രി രാജ്കുമാര്‍ ബഡോലെ കൂട്ടിച്ചേര്‍ത്തു.

Top