മറാത്ത വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം ; ആത്മഹത്യയ്ക്കും ശ്രമിച്ചു

മുംബൈ: സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ പ്രക്ഷോഭത്തിനിടെ വ്യാപക അക്രമം. സമരക്കാര്‍ ഔറംഗാബാദില്‍ ട്രക്കിനും പൊലീസിന്റേയും അഗ്‌നിശമന സേനയുടേയും വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതോടൊപ്പം രണ്ട് യുവാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. മറാത്ത വിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പുപറയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കളെ അറിയിച്ചു.

ഔറംഗാബാദിലെ ഗംഗാപൂര്‍ തഹ്‌സിലിലാണ് പ്രക്ഷോഭം നടക്കുന്നത്. തിങ്കളാഴ്ച മറാത്ത സമരത്തിനിടെ ഒരാള്‍ ജീവനൊടുക്കിയിരുന്നു. ഇതോടെയാണ് പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ഔറംഗാബാദില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വൈ ഫൈ സര്‍വീസും റദ്ദാക്കി. അക്രമങ്ങള്‍ പടരുന്നത് തടയാന്‍ വേണ്ടിയാണിത്. സമരത്തിനിടെ ശിവസേന എം.പി ചന്ദ്കാന്ത് ഖൈറെയെ പ്രക്ഷോഭകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തിട്ടുണ്ട്.

Top