കര്‍ഷക മരണം; പ്രതിഷേധം ശക്തം, മഹാരാഷ്ട്രയില്‍ ബന്ദ് പൂര്‍ണം, ചിലയിടങ്ങളില്‍ കല്ലേറ്

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കര്‍ഷക മരണത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യം പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയ്ക്കു വേണ്ടി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ എന്‍സിപി- ശിവസേന-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച ബന്ദ് മുംബൈ നഗരത്തില്‍ ഉള്‍പ്പെടെ ജനജീവിതത്തെ ബാധിച്ചു. കാര്‍ഷിക ചന്തകള്‍ ഉള്‍പ്പെടെയുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. പൊതുഗതാഗതവും തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ ശിവസേന പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു.

ബന്ദിന് പൊതുജനങ്ങളുടെ വന്‍പിന്തുണ ലഭിച്ചെന്നും കല്ലേറ് പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും എന്‍സിപി നേതാവ് നവാബ് മാലിക്ക് പ്രതികരിച്ചു. രാജ്യത്തെ മുഴുവന്‍ രാജ്ഭവനുകള്‍ക്കും മുന്നില്‍ മൗനമാചരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Top