യോഗിയെ വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയര്‍ത്തിയയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡാണ് കമ്രാന്‍ (25) എന്ന യുവാവിനെ പിടികൂടിയത്.

വെള്ളിയാഴ്ചയാണ് ബോംബാക്രമണത്തില്‍ യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുപി സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഡെസ്‌ക്കിലേക്ക് യുവാവിന്റെ ഫോണ്‍ കോള്‍ വന്നത്. തുടര്‍ന്ന് ലക്നൗവിലെ ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ടാസ്‌ക് ഫോഴ്സ് അന്വേഷണവും തുടങ്ങി. മഹാരാഷ്ട്ര എടിഎസും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.

ഫോണ്‍ യുവാവ് സ്വിച്ച് ഓഫ് ചെയ്തെങ്കിലും ഡംപ് ഡാറ്റ ഉപയോഗിച്ച് ആളെ കണ്ടെത്തുകയായിരുന്നു.അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥലം ഈസ്റ്റേണ്‍ മുംബൈയിലെ ചുനബട്ടിയാണെന്ന് കണ്ടെത്തിയ പൊലീസ് തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മുംബൈയിലെ മഹാദാ കോളനിയിലാണ് യുവാവ് ഉള്ളതെന്നും കണ്ടെത്താനായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായതോടെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ഉത്തര്‍പ്രദേശിന് കൈമാറും.

Top