തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പുതന്നെ വിജയം പ്രഖ്യാപിച്ച് എന്‍സിപി പ്രവര്‍ത്തകര്‍

പുണെ:നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്വയം ഫല പ്രഖ്യാപനം നടത്തി മഹാരാഷ്ട്രയിലെ എന്‍സിപി പ്രവര്‍ത്തകര്‍. ഖഡാക്വാസ്ല മണ്ഡലത്തിലെ എന്‍സിപി സ്ഥാനാര്‍ഥിയുടെ ‘വിജയ’മാണ് പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും അഭിനന്ദന ബനറുകള്‍ ഉയര്‍ത്തുകയും ചെയ്തത്.

എന്‍സിപി സ്ഥാനാര്‍ഥിയായ സച്ചിന്‍ ദോഡ്കെയ്ക്കു വേണ്ടിയാണ് എന്‍സിപി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ ബിജെപിയിലെ ഭീംറാവു തപ്കിറായിരുന്നു സച്ചിന്റെ എതിര്‍ സ്ഥാനാര്‍ഥി.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പ് അവസാനിച്ചതിനു തൊട്ടു പിന്നാലെ വാര്‍ജെ മാല്‍വാഡിയില്‍ സച്ചിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉയര്‍ന്നു. ‘ഖഡാക്വാസ്ലയുടെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ ദോഡ്കെയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്ന് ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

അമിത ആത്മവിശ്വാസംകൊണ്ടല്ല വിജയാഘോഷം സംഘടിപ്പിച്ചതെന്ന് സച്ചിന്‍ ദോഡ്കെ പ്രതികരിച്ചു. തന്റെ അനുയായികളും അഭ്യുദയകാംഷികളും അവര്‍ക്ക് തന്നിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ ഭാഗമായാണ് തന്റെ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Top