കർഷക പോരാട്ടം വോട്ടാക്കി മാറ്റുവാൻ സി.പി.എം, കാവിക്കോട്ടയിൽ ‘തീ’പാറും !

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സി.പി.എം വിജയം ഉറപ്പിച്ച ഒരു മണ്ഡലമുണ്ട് മഹാരാഷ്ട്രയില്‍. കര്‍ഷക സമരങ്ങളാല്‍ തീ പിടിച്ച ധഹാനു മണ്ഡലമാണിത്. ഇവിടെ കാവിക്കോട്ടയെ ഉലക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സി.പി.എമ്മിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്.

നിലവില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ഒരു എം.എല്‍.എ മാത്രമുള്ള സി.പി.എം, അംഗസംഖ്യ കൂട്ടാനുള്ള തീവ്ര ശ്രമമാണിപ്പോള്‍ നടത്തി വരുന്നത്. മഹാരാഷ്ട്രയിലെ ധഹാനു മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി വിനോദ് നിക്കോളിനെ പ്രകാശ് യശ്വന്ത് അംബേദക്കറുടെ വി ബി എ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് മുന്നണിക്ക് പുറത്തുള്ള ഒരു സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന ഏക മണ്ഡലം കൂടിയാണിത്.

നിലവില്‍ ധഹാനു മണ്ഡലം ബി ജെ പിയുടെ കുത്തക സീറ്റാണ്. സിറ്റിംഗ് എം എല്‍ എ പസ്‌കല്‍ ദനാരേയാണ് ഇത്തവണയും കാവി പാളയത്തില്‍ നിന്ന് ജനവിധി തേടുന്നത്. സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ധഹാനു. കര്‍ഷക സമരങ്ങളുടെ ഒരു വിളനിലം കൂടിയാണിത്. മുന്‍മ്പ് ഈ മണ്ഡലത്തില്‍ നിന്നും ജയിച്ച ചരിത്രവും സി പി എമ്മിനുണ്ട്.

ദഹാനു ഉറച്ച ചെങ്കോട്ടയാണെന്നും 2014ല്‍ നഷ്ടപ്പെട്ടെ സീറ്റ് പിടിച്ചെടുക്കാന്‍ ഇത്തവണ കഴിയുമെന്നുമാണ് സി പി എം അവകാശപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി സി പി എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വിനോദ് നിക്കോളി മത്സരിക്കുന്ന ധഹാനുവിന് പുറമെ കാല്‍വന്‍, പടിഞ്ഞാറന്‍ നാസിക്, സോളാപൂര്‍ മണ്ഡലങ്ങളില്‍ കൂടിയാണ് സി പി എം ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ലോംഗ് മാര്‍ച്ച് അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിച്ച, ഏഴ് തവണ എം എല്‍ എയായ ജെ പി ഗാവിറ്റ്, നരസയ്യ ആദം, ഡോ. ഡി എല്‍ കാരാഡ് എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

കാല്‍വനില്‍ നിന്നാണ് ഗാവിറ്റ് മത്സരിക്കുന്നത്. അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ഇദ്ദേഹം. 2019ലും സമാനമായ മാര്‍ച്ച് സി പി എം കര്‍ഷക സംഘടനയായ കിസാന്‍ സഭ സംഘടിപ്പിച്ചിരുന്നു.

2014ല്‍ പ്രോ ടെം സ്പീക്കറായിരുന്ന ഗാവിറ്റിന് നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ വലിയ സ്വാധീനമുണ്ട്.സി ഐ ടി യു നേതാവായ ഡി.എല്‍ കരാട് പടിഞ്ഞാറന്‍ നാസികില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. സോളാര്‍പൂര്‍ സെന്‍ട്രലിലാണ് മൂന്ന് തവണ എം എല്‍ എയായ നരസയ്യ ആദം മത്സരിക്കുന്നത്. ആദം മാസ്റ്റര്‍ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവുകൂടിയാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനം.

പ്രതിപക്ഷത്തിരുന്ന് കാഴ്ചവച്ച ഉജ്വല സമരങ്ങളാണ് മഹാരഷ്ട്രയില്‍ സി.പി.എമ്മിന്റെ ഇത്തവണത്തെ പ്രതീക്ഷക്ക് അടിസ്ഥാനും. കര്‍ഷകരും പട്ടിണി പാവങ്ങളും ചെങ്കൊടിക്കൊപ്പം നില്‍ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബി.ജെ.പി – ശിവസേന സര്‍ക്കാറുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നയിച്ചത് ചെമ്പടയായിരുന്നു. ഇതില്‍ കിസാന്‍ സഭയുടെ ലോങ് മാര്‍ച്ച് ഡല്‍ഹിയെ പോലും ഞെട്ടിച്ച സംഭവമായി മാറുകയുണ്ടായി.

കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടികൊടുക്കാന്‍ ഈ പ്രക്ഷോഭംവഴി കഴിഞ്ഞിരുന്നു. ചെങ്കൊടി പ്രസ്ഥാനത്തെ കണ്ടുപഠിക്കാന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കുപോലും പറയേണ്ട സാഹചര്യവുമുണ്ടായിരുന്നു.

Political Reporter

Top