മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഫലം നാളെ ; ആകാംക്ഷയോടെ മുന്നണികള്‍

മുംബൈ : മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയോടെ മുന്നണികള്‍. മഹാരാഷ്ട്രയിലെ 288ല്‍ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്റെ അവകാശവാദം. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും കണക്കുകൂട്ടുന്നു.

എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ ബിജെപി സേന സഖ്യത്തിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതല്‍ 245 വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പറയുന്നത്. 100 സീറ്റില്‍ ജയിച്ച് സഖ്യസര്‍ക്കാരില്‍ നിര്‍ണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടല്‍.

ഹരിയാനയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി 32 മുതല്‍ 44 വരെ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. കോണ്‍ഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും.

ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ആറ് മുതല്‍ പത്ത് സീറ്റും, മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ പത്ത് സീറ്റും ഏക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നു എന്നാണ് കണ്ടെത്തല്‍. മറ്റ് എക്‌സിറ്റ് പോളുകള്‍ അറുപത് മുതല്‍ എഴുപത്തഞ്ച് സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചിരുന്നു.

Top