തിരക്കിട്ട ചര്‍ച്ചകള്‍: ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി അഹമ്മദ് പട്ടേല്‍

മുംബൈ: മഹാരാഷ്ട്രയിലെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ സന്ദര്‍ശിച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോര്‍ തിവാരി മോഹന്‍ ഭഗവതിനു കത്തെഴുതിയതിനു പിന്നാലെയാണ് നിതിന്‍ ഗഡ്കരിയുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കൂടിക്കാഴ്ച നടത്തിയത്.

ഡല്‍ഹിയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധമില്ലെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഗഡ്കരിയെ കണ്ടതെന്നും അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയം പ്രധാന ചര്‍ച്ചയായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം പ്രശ്‌നത്തില്‍ അവസാന ശ്രമമെന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നാഗ്പൂരിലെത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കഴ്ച നടത്തി.

72 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാകും. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇത് സാധിക്കാതെ വന്നാല്‍ രാഷ്ട്രീയമായ തിരിച്ചടി കൂടിയാകുമെന്നതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സമവായം കണ്ടെത്തി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാമ്പ്.

Top