ശിവസേന നേതാക്കളുടെ മനം മാറ്റത്തിൽ അമ്പരന്ന് ബി.ജെ.പി ദേശീയ നേതൃത്വവും !

ഹാരാഷ്ട്ര എന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഇടതുപക്ഷം അത്ര വലിയ സംഭവം ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രാജ്യത്തിന്റെ ഈ വ്യാവസായിക തലസ്ഥാനത്ത് കൊടുങ്കാറ്റ് വിതക്കാനുള്ള ശേഷി നിലവില്‍ ചെമ്പടക്കുണ്ട്. ആരൊക്കെ നെറ്റി ചുളിച്ചാലും മഹാരാഷ്ട്രയെ സംബന്ധിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് സി.പി.എം. അതിനുള്ള ഒന്നാംന്തരം ഉദാഹരണമാണ് ശിവസേനക്കാര്‍ കൂട്ടത്തോടെ ചെങ്കൊടിയേന്തിയ സംഭവം.

മഹാരാഷ്ട്രയില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്നത് നിസ്സാര കാര്യമല്ല. മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും എന്‍സിപിയേയും പരിഗണിക്കാതെയാണ് ഈ ചുവട് മാറ്റമുണ്ടായിരിക്കുന്നത്. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്‌സരി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേനയോട് ഗുഡ്‌ബൈ പറഞ്ഞിരിക്കുന്നത്.

അംബേസരിയില്‍ ചേര്‍ന്ന കൂറ്റന്‍ പൊതുയോഗത്തില്‍ വെച്ചാണ് ഈ ശിവസേന നേതാക്കള്‍ സി.പി.എമ്മിന്റെ ഭാഗമായി മാറിയത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഡോ. അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ കൂടുമാറ്റം .

നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് കാവിവിട്ട് ശിവസേനക്കാര്‍ ചെമ്പടയില്‍ ചേക്കേറിയിരിക്കുന്നത്. ഇവരെല്ലാം ധഹാനു സീറ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണിപ്പോള്‍.

നിലവില്‍ ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ പസ്‌കല്‍ ദനാരേയാണ്. ഈ സീറ്റില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷികളെല്ലാവരും ചേര്‍ന്ന് സി.പി.എമ്മിനെ പിന്തുണക്കുന്നത്. ദഹാനു ഇത്തവണ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേ അവകാശപ്പെടുന്നത്.

നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ മാത്രം സി.പി.എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ.പി ഗാവിറ്റ്. 2019ലും സമാനമായ മാര്‍ച്ച് ചെമ്പട ഇവിടെ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ മുതിര്‍ന്ന എം.എല്‍.എമാരിലൊരാളാണ് ഗാവിറ്റ്. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആദം മാസ്റ്റര്‍ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനം.

നിലിവില്‍ ഒരു സീറ്റ് മാത്രമാണ് മഹാരാഷ്ട്രയില്‍ സിപിഎമ്മിനുള്ളത് അത് ഇത്തവണ വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പേലും മറിച്ചൊരഭിപ്രായമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവസേനക്കാര്‍ മാത്രല്ല, കേണ്‍ഗ്രസിലും എന്‍സിപിയിലും പെട്ടവരും സിപിഎമ്മില്‍ ചേക്കേറുന്ന കാഴ്ച്ചയാണ് നിലവില്‍ കണ്ട് വരുന്നത്.

മറാത്തി മണ്ണിനെ സംബന്ധിച്ച് നിര്‍ണ്ണായക ശക്തിയാണ് ശിവസേന. ഇപ്പോള്‍ ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാനം ഭരിക്കുന്നതും ശിവസേനയുടെ പിന്തുണയിലാണ്. ശിവസേനയുമായി സഖ്യമില്ലാതെ മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്ന് കണ്ടാണ് ബി ജെ.പി പോലും ഇപ്പോള്‍ സഖ്യത്തിന് നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു കാലത്ത് ശിവസേനയുടെ നിഴല്‍ പറ്റി നിന്നിരുന്ന ബി.ജെ.പിയാണിപ്പോള്‍ ഇവിടെ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്.

ഒറ്റക്ക് മത്സരിക്കുകയാണ് വേണ്ടതെന്ന പ്രവര്‍ത്തകരുടെ വികാരം പോലും ശിവസേന നേതൃത്വം പരിഗണിച്ചിട്ടില്ല. ഇതിനാണ് വലിയ വില അവര്‍ ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. മിക്കയിടത്തും റിബല്‍ സ്ഥാനാര്‍ത്ഥികളുള്ളത് ബി.ജെ.പി – ശിവസേന സഖ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇതിനു പുറമെയാണ് കൂട്ടത്തോടെ പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വിടുന്നത്.

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സില്‍ ചേക്കേറാതെ ശിവസേനക്കാര്‍ സി.പി.എമ്മില്‍ ചേക്കേറിയത് ബി.ജെ.പിയെയും ഞെട്ടിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറിനെ വിറപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയമാണ് സി.പി.എമ്മിനിപ്പോള്‍ ഗുണമായി മാറിയിരിക്കുന്നത്.

മറാത്തി രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. കിസാന്‍ സഭ എന്ന സി.പി.എം കര്‍ഷക സംഘടന ഇന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ പേടി സ്വപ്നമാണ്.

ലക്ഷക്കണക്കിന് കര്‍ഷകരെ നിമിഷ നേരം കൊണ്ട് തെരുവിലിറക്കാനുള്ള ആ കരുത്ത് ചെങ്കൊടിക്ക് മറാത്തി മണ്ണില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കോണ്‍ഗ്രസ്സ് നേതൃത്വം ഒന്നാകെ കാവിയണിയുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ റോളിലേക്ക് താമസിയാതെ എത്താന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റ പ്രതീക്ഷ. എന്‍.സി.പിക്കും വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ പാര്‍ട്ടിയുടെ നേതാക്കളും കാവിയണിയാനാണ് നിലിവില്‍ മത്സരിക്കുന്നത്.

ന്യൂനപക്ഷ സമൂഹത്തെ സംബന്ധിച്ച് ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സും എന്‍.സി.പിയും മാറി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പരീക്ഷണത്തിന് സി.പി.എമ്മും മുതിരുന്നത്.

ഒറ്റയടിക്ക് മഹാരാഷ്ട്രയില്‍ അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയൊന്നും സി.പി.എം നേതൃത്വത്തിനില്ല. എന്നാല്‍ അധികം താമസിയാതെ തന്നെ മാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.

ശിവസേന പ്രവര്‍ത്തകര്‍ ചുവപ്പിനൊപ്പം ചേര്‍ന്നതിനെ ഒരു തുടക്കമായാണ് സി.പി.എം വീക്ഷിക്കുന്നത്. കര്‍ഷകര്‍ അര്‍പ്പിച്ച വിശ്വാസം മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ കൂടി കാണിക്കുന്നത് ചെമ്പടയുടെ പ്രതീക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്.

Team Express Kerala

Top