മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു ; ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി

മുംബൈ: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുതലുള്ള മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ബുധനാഴ്ച മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷമാണ് കടന്നത്. ഇതേ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പദ്ധതിയായ ‘ബിഗിന്‍ എഗെയ്ന്‍’ പ്രകാരം ഓഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്സുകള്‍, ഫുഡ്കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മാളുകളിലുളള ഫുഡ്കോര്‍ട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവര്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top