maharajas college issue-statement-b unnikrishnan

കൊച്ചി: മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെ വിമര്‍ശിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്.

‘ചുവരെഴുത്ത്’ സംഭവത്തെക്കുറിച്ച് രണ്ട് ദിവസമായി വായിക്കുന്നു. പഠിച്ച സ്‌കൂളുകളിലേയും കോളേജുകളിലേയും എല്ലാ ഹെഡ്മാസ്റ്റര്‍മ്മാരേയും പ്രിന്‍സിപ്പല്‍മാരേയും മനസ്സില്‍ വണങ്ങുന്നു.

അവരൊന്നു വിചാരിച്ചിരുന്നേല്‍ ചുവരെഴുത്തെന്ന കൊടുംകുറ്റത്തിന് തന്നേയും പൊലീസ് കൊണ്ടുപോകുമായിരുന്നെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ 88 വയസുള്ള എന്റെ അച്ഛന്‍ ഒരു റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പലാണ്. മഹാരാജാസിലെ വാര്‍ത്ത കണ്ടിട്ട് ഇന്നലെ അച്ഛന്‍ എന്നോട് പറഞ്ഞു, ‘ ആ പ്രിന്‍സിപ്പലിന് കാര്യമായി എന്തോ കുഴപ്പമുണ്ട്.’ ബഹുമാന്യയായ പ്രിന്‍സിപ്പല്‍ ബീന റ്റീച്ചര്‍, റ്റീച്ചര്‍ ഇരിക്കുന്ന കസേരയില്‍ മുമ്പൊരാളിരുന്നിട്ടുണ്ട്.

ചെരുപ്പിടാതെ, മണ്ണില്‍ച്ചവിട്ടി, സദാ കുട്ടികള്‍ക്കിടയില്‍ നടന്ന ഭരതന്‍ മാഷ്. ഒരുപക്ഷേ, ഏറ്റവും ജനാധിപത്യപരമായി വിദ്യാര്‍ത്ഥികളോടിടപെട്ട കോളേജ് പ്രിന്‍സിപ്പല്‍ അദ്ദേഹമായിരിക്കും. ദയവായി, ആ വലിയ മനുഷ്യന്റെ സ്മരണയെ അപമാനിക്കരുതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

സ്വന്തം വിദ്യാര്‍ത്ഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല, പ്രിന്‍സിപ്പലുദ്യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാംപസിന്റെ മതിലില്‍ മതസ്പര്‍ധ വളര്‍ത്തുന്ന കവിതാശകലങ്ങള്‍ കുറിച്ചതിനാലാണ് പരാതി കൊടുത്തതെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. സംഭവത്തില്‍ കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

Top