മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; ആറു വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ടിസി

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആറു വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കാന്‍ തീരുമാനം. കോളേജ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്ത് പി.ദിനേശ് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് നിര്‍ബന്ധിത ടിസി നല്‍കാന്‍ കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നടപടിക്കു വിധേയരാകും. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന്‍ ഇവര്‍ കുറ്റക്കാരാണെന്നു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയവരും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.

പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐയും ഇടതുപക്ഷ അധ്യാപക സംഘടനയും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി ഇക്കഴിഞ്ഞ ജനുവരിയിലാണ് കസേര കത്തിക്കല്‍ അരങ്ങേറിയത്.

പ്രതിഷേധ പ്രകടനത്തിനിടെ കൊടിയുമായി പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കയറിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര പുറത്തേക്ക് എടുത്തുകൊണ്ടുപോയി കത്തിക്കുകയായിരുന്നു. കസേര പ്രധാന ഗേറ്റിനു മുന്നിലെത്തിച്ച ശേഷമാണ് കത്തിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോയിരുന്നു.

Top