മഹാഭാരതം വിജയിക്കാന്‍ 18 ദിവസം, കൊറോണയ്‌ക്കെതിരായ യുദ്ധത്തിന് 21 ദിവസം

കൊറോണാവൈറസിന് എതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത യുദ്ധം വിജയിക്കാന്‍ 18 ദിവസം വേണ്ടിവന്നപ്പോള്‍ ഈ പോരാട്ടത്തിന് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായി വരുന്നത് ലോകത്തെ മുട്ടുകുത്തിച്ച വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ശക്തി പ്രകടമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പാണ്ഡവരെ വിജയത്തിലേക്ക് നയിക്കാന്‍ ഭഗവാന്‍ കൃഷ്ണനാണ് ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് രാജ്യത്തെ നയിക്കേണ്ടത് 130 കോടി വരുന്ന അതിന്റെ പൗരന്‍മാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മണ്ഡലമായ വാരണാസിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്. പുരാതന നഗരമായ കാശി (വാരണാസിയുടെ മറ്റൊരു പേര്) രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് അതിരുകളും, നിശ്ചയദാര്‍ഢ്യവും, ദയവും എന്താണെന്ന് മുന്നില്‍ നിന്ന് കാണിച്ച് കൊടുക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം വിജയിക്കാന്‍ അനുഗ്രഹാശിസ്സുകള്‍ വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ താമസക്കാരുമായി കൊറോണ സംബന്ധിച്ച് സംവദിക്കാനും അദ്ദേഹം തയ്യാറായി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഇന്ത്യയെ കാത്തിരിക്കുന്ന ദുരന്തം അകറ്റാനുള്ള മാര്‍ഗ്ഗമെന്നതിനാല്‍ ആളുകളോട് വീടുകളുടെ ‘ലക്ഷ്മണ രേഖ’ കടന്ന് പുറത്തിറങ്ങരുതെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. കേന്ദ്രവും, സംസ്ഥാനങ്ങളും പ്രഖ്യാപിക്കുന്ന നിബന്ധനകള്‍ മറികടന്നാല്‍ രാജ്യം 21 വര്‍ഷം പിന്നിലേക്ക് പോകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

Top