ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ‘മഹാ’; ദ്വീപിലേയ്ക്ക് നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പോകും

അമിനിദിവി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹാ’ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിച്ചു. മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയിലാണ് അമിനിദിവി ദ്വീപിലൂടെ ‘മഹ’ കടന്നുപോയത്. രാവിലെ പതിനൊന്നരയോടെയാണ് ‘മഹ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കോഴിക്കോട് നിന്ന് പടിഞ്ഞാറ് 325കി.മീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ലക്ഷദ്വീപിലെ അടിയന്തരസ്ഥിതി കണക്കിലെടുത്ത് നാവികസേനയുടെ മൂന്ന് കപ്പലുകളെ അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെര്‍ച്ചന്റ് കപ്പലായ ട്രിറ്റണ്‍ ലിബര്‍ട്ടി എന്ന കപ്പല്‍ വാടകയ്ക്ക് എടുത്ത നാവികസേന, ഇന്ന് രാത്രി തന്നെ ഈ കപ്പല്‍ പുറപ്പെടാന്‍ നിര്‍ദേശം നല്‍കി. ഐഎന്‍എസ് സുനയന, ഐഎന്‍എസ് മഗര്‍ എന്നിവ അതിന് ശേഷം പുറപ്പെടുമെന്നും നാവികസേന അറിയിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിലൂടെ, വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കാണിപ്പോള്‍’മഹ’ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ആറ് മണിക്കൂര്‍ വരെ ഈ ദിശയില്‍’മഹ’ സഞ്ചരിക്കുമെന്നാണ് സൂചന. അറബിക്കടലില്‍ വച്ച് തന്നെ’മഹ’ അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങള്‍ക്ക് അടുത്തുകൂടി കടന്നുപോകും.

ഇന്ന് വൈകിട്ടോടെയാണ് ‘മഹ’ അതിതീവ്രമായത്. അടുത്ത 24 മണിക്കൂര്‍ നേരത്ത് വടക്കന്‍ ജില്ലകളിലും, കര്‍ണാടകയിലും, തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലക്ഷദ്വീപിലെ അമിനിയില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്. മിനിക്കോയി,കല്‍പേനി,ആന്തോത്ത്,കവരത്തി തുടങ്ങിയ ദ്വീപുകളിലും കനത്ത മഴയും കാറ്റും തുടരുകയാണ്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്

കാലാവസ്ഥ മോശമായതിനാല്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. നാലാം തീയതി വരെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും സര്‍വ്വീസ് നടത്തില്ല. കവരത്തിയിലും മിത്ര ദ്വീപിലും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.കടലാക്രമണത്തില്‍ പൊന്നാനിയില്‍ ഇരുപത്വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെ തൊട്ടടുത്ത എം ഐ സ്‌കൂളിലേക്ക് മാറ്റി. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, അലിയാര്‍ പള്ളി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്,കണ്ണൂര്‍ തയ്യിലില്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

Top