ജനുവരി ഒന്ന് മുതല്‍ ‘ മാഗ്‌നറ്റിക്ക് സ്‌ട്രൈപ്പ് ‘ കാര്‍ഡുകള്‍ക്ക് നിരോധനം

കൊച്ചി: ജനുവരി ഒന്ന് മുതല്‍ ‘ മാഗ്‌നറ്റിക്ക് സ്‌ട്രൈപ്പ് ‘കാര്‍ഡുകള്‍ക്ക് നിരോധനം. എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനായാണ് മാഗ്നറ്റിക്ക് കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2018ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ പണമിടപാടുകള്‍ സാദ്ധ്യമാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കാര്‍ഡുകള്‍ മാറ്റിക്കൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്. 2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. തട്ടിപ്പ് തടയുകയാണ് പുതിയ കാര്‍ഡുകളുടെ പ്രധാന ലക്ഷ്യെമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍. ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top