മലയാറ്റൂര്‍ സ്‌ഫോടനം; അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സംഭവം അന്വേഷിക്കും

എറണാകുളം: മലയാറ്റൂര്‍ ഇല്ലിത്തോട് തിങ്കളാഴ്ച പുലര്‍ച്ചെ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കും. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. തഹസീല്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പ്‌ളോസീവ്‌സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം നടത്തുന്നത്.

ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ആവശ്യമായ സുരക്ഷ ഇല്ലാതെ കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പുത്തേന്‍ ദേവസിക്കുട്ടി മകന്‍ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കനത്ത മഴയെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ലൈസന്‍സോടെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Top