നിയമ നടപടി ആർജവത്തോടെ നേരിടും, നിറവേറ്റിയത് മാധ്യമ ധർമ്മം തന്നെ . .

ടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മലയാളത്തിലെ മികച്ച പത്രങ്ങളിലൊന്നായ മാധ്യമം പ്രസിദ്ധീകരണം നിര്‍ത്താന്‍ നീക്കം നടക്കുന്നതായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഏതു നിയമനടപടിയെയും Express Kerala തന്റേടത്തോടെ നേരിടും. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ മാധ്യമവും അതേ വഴിയില്‍ പോകുന്ന ഭീതിത യാഥാര്‍ത്ഥ്യം മലയാളികളെ അറിയിക്കുക എന്ന മാധ്യമ ധര്‍മ്മം മാത്രമാണ് ഞങ്ങള്‍ നിറവേറ്റിയത്. വരിയിലോ വാക്കിലോ അപകീര്‍ത്തികരമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.

ഒരു സുപ്രഭാതത്തില്‍ ജീവനക്കാരുടെ യോഗം വിളിച്ച് പത്രം ഡിസംബര്‍ 31 മുതല്‍ നിര്‍ത്തുകയാണെന്ന് തേജസ് മാനേജ്‌മെന്റ് അറിയിച്ചപ്പോള്‍ വഴിയാധാരമായത് മൂന്നൂറോളം ജീവനക്കാരാണ്.

ശമ്പളം ഘട്ടംഘട്ടമാക്കിയും സ്ഥിരനിയമനം നിര്‍ത്തി കരാറാക്കിയും കടുത്ത ചെലവുചുരുക്കലിലൂടെ നീങ്ങുന്ന മാധ്യമം സമാനവഴിയിലേക്കു പോയാല്‍ പ്രതിസന്ധിയിലാവുക 800ഓളം ജീവനക്കാരാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു പത്രവും പൂട്ടിപ്പോകരുതെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ചെറുകിട പത്രമായി തുടങ്ങി വന്‍കിടക്കാരായി വളരുകയും ചാനലു തുടങ്ങുകയും ചെയ്യുമ്പോള്‍ അതിന്റെ വളര്‍ച്ചക്കായി വിയര്‍പ്പൊഴുക്കുന്ന ജീവനക്കാരും സംരക്ഷിക്കപ്പെടണം. മാധ്യമം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനത കേരളത്തില്‍ ശക്തമായുള്ളപ്പോള്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനുവേണ്ടി വാര്‍ത്ത നല്‍കുകയും അവരുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ വാങ്ങുന്ന ശമ്പളം അവരേക്കാള്‍ എത്രയോ കുറവാണ്. ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കൂലിയേക്കാള്‍ കുറവുവരുമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ വരെ ഇവിടെയുണ്ട്. അവര്‍ക്കും കുട്ടികളും കുടുംബവുമുണ്ട്. മാധ്യമങ്ങളിലെ അനീതിയും ചൂഷണങ്ങളുമൊന്നും പുറംലോകം അറിയാറില്ല. സോഷ്യല്‍മീഡിയ സജീവമായതോടെ ഇതിനു മാറ്റം വന്നുതുടങ്ങി. ഒരു വാര്‍ത്തയും ആര്‍ക്കും ഒളിച്ചുവെക്കാനാവില്ല. നിയമനടപടി എന്ന വാളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളുടെ നാവരിയാന്‍ ശ്രമിക്കുന്നവരോട് വിനയപുരസ്‌ക്കരം ഓര്‍മ്മിപ്പിക്കാനുള്ളത് ഞങ്ങളുടെ നിലപാടുകള്‍ ശക്തമായിത്തന്നെ ഇനിയും തുടരുമെന്നാണ്.

ഏത് മാധ്യമ സ്ഥാപനമാണെങ്കിലും പുരോഗതിയിലേക്കു കുതിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വംകൂടി നിറവേറ്റപ്പെടണം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സൗദി അറേബ്യയിലെ മാധ്യമം അബഹ എഡിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയതും ദമാമില്‍ നിന്നും അച്ചടിച്ചാണ് അബഹയില്‍ ഇപ്പോള്‍ പത്രം വിതരണം ചെയ്യുന്നതെന്നതും നിഷേധിക്കാന്‍ കഴിയുമോ? 2011 ജനുവരി ഒന്നിനാണ് അബഹയില്‍ മാധ്യമം പ്രസിദ്ധീകരണമാരംഭിച്ചത്. സൗദി അറേബ്യയില്‍ നാല് എഡിഷനുകളുള്ളത് രണ്ടെണ്ണമായി കുറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈയാഥാര്‍ത്ഥ്യങ്ങളും പ്രതിസന്ധികളും വായനക്കാരുമായി പങ്കുവെച്ച് അതിജീവിക്കാനുള്ള ധീരനടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ സത്യം പറയുന്നവരെ നിയമനടപടിയെന്ന ഭീഷണികൊണ്ട് വിരട്ടിയിട്ടുകാര്യമില്ല. വീണ്ടും ഞങ്ങള്‍ പറയുന്നു, മാധ്യമം പോലുള്ളൊരു സ്ഥാപനം ഇവിടെ നിലനില്‍ക്കേണ്ടത് അനിവാര്യം തന്നെയാണ്.

എഡിറ്റര്‍
Express kerala

Top