മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ

വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മധുരാരജ തിയറ്ററില്‍ ഹൗസ് ഫുളായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ സിനിമയിലെ നായികമാരില്‍ ഒരാളായ അനുശ്രീ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അനുശ്രീ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചത്.

“മറക്കാനാവാത്ത മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ. നന്ദി മമ്മൂക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും.മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരം നല്‍കിയ വൈശാഖേട്ടന് സ്നേഹം നിറഞ്ഞ നന്ദി.

വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നല്‍കിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവന്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അതിലുപരി മധുര രാജയെ സ്‌നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..” എന്നായിരുന്നു അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top