madura conflict

മഥുര: ജവഹര്‍ബാഗില്‍ നടത്തിയ തിരച്ചിലില്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലില്‍ യുഎസ് നിര്‍മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവിടെ നിന്നും കണ്ടെത്തിയത് ടിയര്‍ ഗ്യാസ് (കണ്ണീര്‍ വാതക) തോക്കാണെന്ന് എസ്പി ബബ്‌ലൂ കുമാര്‍ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ജെഫേഴ്‌സന്‍ കമ്പനിയുടേതാണ് ടിയര്‍ ഗ്യാസ് തോക്ക്. കാലങ്ങളായി ഉപയോഗിക്കാതിരുന്നതിനാല്‍ മോശം അവസ്ഥയിലായിരുന്നു ഇതെന്നും കുമാര്‍ പറഞ്ഞു. അതേസമയം, 37എംഎം ശേഷിയുള്ള ടിയര്‍ഗ്യാസ് തോക്കിനൊപ്പം വെടിമരുന്നും കണ്ടെത്തിയിരുന്നതായി ബോംബ് സ്‌ക്വാഡ് ചീഫ് രാംപാല്‍ സിങ് പറഞ്ഞു.

ഒരു പിസ്റ്റള്‍, ഒരു കിലോ വെള്ള, 25 കിലോ കറുപ്പ്, അഞ്ചു കിലോ മഞ്ഞ പൊടികളും ഇവിടെ നിന്നും ലഭിച്ചു. ഒരു കിലോയോളം വരുന്ന അയണ്‍ ചിപ്പിനൊപ്പം ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ട് പ്ലേറ്റും കണ്ടെത്തിയിട്ടുണ്ട്. സിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പൊലീസും കയ്യേറ്റക്കാരും തമ്മില്‍ മഥുരയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാരുള്‍പ്പടെ 29 പേരാണ് കൊല്ലപ്പെട്ടത്. ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയിലെ ബാബാ ജയ്ഗുരുദേവ് വിഭാഗത്തിലെ അനുയായികളാണു മഥുരയിലെ ജവഹര്‍ബാഗില്‍ 260 ഏക്കര്‍ ഭൂമി കയ്യേറിയത്.

റാം വൃക്ഷ് യാദവ് ആയിരുന്നു ഇവരുടെ സ്വയംപ്രഖ്യാപിത നേതാവ്. ഇയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റാം വൃക്ഷ് ജീവിച്ചിരിക്കുന്നതായി ഒരു അഭിഭാഷകന്‍ പറഞ്ഞു.

Top