കൊറോണ; സ്‌പെയിനിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു, ആശങ്ക വര്‍ധിക്കുന്നു

മാഡ്രിഡ്: ഓരോ ദിവസം ചെല്ലുന്തോറും കൊറോണ ലോക രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നതായിട്ടാണ് കാണുന്നത്. മാത്രമല്ല വൈറസ് മൂലം മരണപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇപ്പോഴിതാ സ്‌പെയിനിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

വലെന്‍സിയ നഗരത്തിലാണ് ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13നാണ് ഇയാള്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

സ്‌പെയിനില്‍ ഇതിനോടകം 150 ഓളം പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബാസ്‌ക് മേഖലയില്‍ വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ചൈനയില്‍ കൊറോണയുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടായപ്പോള്‍ മറ്റു രാജ്യങ്ങളില്‍ വൈറസ് രോഗം ശക്തിപ്പെടുകയാണ്. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌
രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.

Top