ക്രിസ്റ്റിയാനോക്ക് ഗോള്‍; ആവേശം വിതച്ച മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

മാഡ്രിഡ്: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മാഡ്രിഡ് ഡെര്‍ബിയില്‍ സമനില. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടി. ക്രിസ്ത്യാനോ റൊണാള്‍ഡോയും അന്റോണിയോ ഗ്രീസ്മാനുമാണ് സ്‌കോറര്‍മാര്‍.

ചാമ്പ്യന്‍സ് ലീഗ് മുന്നില്‍ കണ്ട് ഇസ്‌കോയ്ക്കും മോഡ്രിച്ചിനുമെല്ലാം വിശ്രമം നല്‍കിയായിരുന്നു റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ അത്‌ലറ്റിക്കോയുടെ ഗോള്‍മുഖത്തേക്ക് റയല്‍ നിരന്തരം ആക്രമണം നടത്തി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ അഞ്ചിലധികം കോര്‍ണറുകളാണ് അത്‌ലറ്റിക്കോ വഴങ്ങിയത്.

തുടര്‍ന്ന് 53ാം മിനിട്ടിലാണ് ആദ്യഗോള്‍ വന്നത്. ഗരെത് ബെയ്‌ലിന്റെ പാസ്സില്‍ അനായാസ ഫിനിഷിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് റൊണാള്‍ഡോ ലക്ഷ്യം കാണുന്നത്. എന്നാല്‍ അധികം വൈകാതെ അത്‌ലറ്റികോ മാഡ്രിഡിന്റെ സമനില ഗോളെത്തി.

64ാം മിനിട്ടില്‍ ക്രിസ്റ്റിയാനോയെ കോച്ച് പിന്‍വലിച്ചു. പകരം കരീം ബെന്‍സെമ കളത്തിലിറങ്ങി.
അവസാന മിനിറ്റില്‍ റയലിന് മികച്ചൊരു ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ സെര്‍ജിയോ റാമോസെടുത്ത കിക്ക് അത്‌ലറ്റിക്കോ ഗോളി രക്ഷപ്പെടുത്തി.

Top