അൽഖ്വയ്ദ ബന്ധമാരോപിച്ച് അസമിൽ വീണ്ടും മദ്രസ പൊളിച്ചുനീക്കി

ഗുവാഹതി: അൽഖ്വയ്ദ ബന്ധമാരോപിച്ച് മൂന്നാമത്തെ മദ്രസയും അസം സർക്കാർ പൊളിച്ചുനീക്കി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ബൊംഗൈഗാവിലെ മദ്രസയാണ് രാവിലെ ജെസിബി ഉപയോഗിച്ചു പൊളിച്ചുനീക്കിയത്. മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.

മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല നിർമിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്പി സ്വപ്‌നനീൽ ദേഖയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അൽഖ്വയ്ദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ വ്യക്തിയുമായി ഗോപാൽപുര പൊലീസ് ഇന്നലെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.

അസമിൽ തീവ്രവാദ ബന്ധമാരോപിച്ച് പൊളിച്ചുനീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. ബർപേട്ട ജില്ലയിലെ ഒരു മദ്രസയും തിങ്കളാഴ്ച അധികൃതർ പൊളിച്ചുനീക്കിയിരുന്നു. മദ്രസാ കെട്ടിടം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് പൊളിച്ചുനീക്കിയത്. അൽഖാഇദ ബന്ധത്തിന്റെ പേരിൽ അക്ബർ അലി, അബുൽ കലാം ആസാദ് എന്നീ രണ്ട് സഹോദരങ്ങൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവർ ഈ മദ്രസ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നാണ് ആരോപണം. ഈ മാസം നാലിന് മൊറിഗോൺ ജില്ലയിലെ മറ്റൊരു മദ്രസയും പൊളിച്ചുനീക്കിയിരുന്നു.

ബംഗ്ലാദേശിൽനിന്ന് കുടിയേറിയ മുഹമ്മദ് സുമൻ എന്ന വ്യക്തിക്ക് തീവ്രവാദ റിക്രൂട്ട്‌മെന്റിന് സൗകര്യം ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് അക്ബറിനെയും അബുൽ കലാമിനെയും അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് സുമൻ മാർച്ചിലാണ് അറസ്റ്റിലായത്. ഇയാൾ ഇവിടെ മദ്രസയിലെ അറബിക് അധ്യാപകനും പള്ളിയിലെ ഇമാമുമായി പ്രവർത്തിച്ചുവരികയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകൾ പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചിരുന്നു. സാമാന്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top