മദ്രസ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയില്‍

kidnapp

മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയെയാണ്(27) താനൂര്‍ റെയില്‍വേ ഗേറ്റിനടുത്തു നിന്ന് പൊലീസ് പിടികൂടിയത്. ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം.

ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന സജ്‌നയുടെ ദൃശ്യങ്ങള്‍ ഒരു കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ വീട്ടിലും കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും പ്രതിയുമായി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ പുസ്തകങ്ങളടങ്ങിയ ബാഗ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കാട്ടില്‍ നിന്ന് ലഭിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്‌കൂട്ടറും താനൂരിലെ ജ്വല്ലറിയില്‍ 16,500 രൂപയ്ക്ക് വിറ്റ സ്വര്‍ണാഭരണവും പൊലീസ് കണ്ടെത്തി.

ചെമ്മാടും പരിസരങ്ങളിലുമായി സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച പര്‍ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സത്യനാരായണന്‍, സി.പി.ഒ പമിത്ത്, വനിത പോലീസുകാരായ സുജാത, ഷീജാകുമാരി, സി.പ്രജിഷ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top