ഫാത്തിമയുടെ മരണം; അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി

കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞത് കാരണമാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ഐ.ഐ.ടി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ഫാത്തിമക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കാന്‍ ബോധപൂര്‍വം അധ്യാപകര്‍ ശ്രമിച്ചിരുന്നു. ജാതീയ വിവേചനങ്ങള്‍ക്ക് കുട്ടി ഇരയായെന്ന ആക്ഷേപങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നവംബര്‍ 9-ാം തീയതിയാണ് മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത്.

തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന് പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യാക്കുറിപ്പ് സ്വന്തം മൊബൈലിലെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരിക്കുകയായിരുന്നു.

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി കൊല്ലം മേയര്‍ രാജേന്ദ്രബാബുവും കുടുംബസുഹൃത്ത് ഷൈനുമൊപ്പം ഫാത്തിമയുടെ സഹോദരി ഐഷാ ലത്തീഫ് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍ പ്പെട്ടത്. എന്നാല്‍ പോലീസിന്റെ കൈവശമുള്ള ഫോണില്‍ നിന്ന് നിര്‍ണ്ണായകമായ ഈ തെളിവ് നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെക്കുന്നു.

ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജാതിവിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഫാത്തിമയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് മുഖ്യമന്ത്രിയെ കണ്ട പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.

Top