മുന്നറിയിപ്പില്ലാത്ത പരിശോധന; മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ ഉപയോഗിച്ച കോണ്ടം

ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയതിനെതിരെ ഗവേഷക വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ അവഹേളിച്ച് വീണ്ടും അധികൃതര്‍ രംഗത്ത്. ഹോസ്റ്റലുകളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ മുറിയില്‍നിന്ന് ഉപയോഗിച്ച കോണ്ടം ഉള്‍പ്പെടെ കോളേജില്‍ നിരോധിച്ച വസ്തുക്കള്‍ കണ്ടെത്തി.

ഇസ്തിരിപ്പെട്ടി, എഗ് ബോയിലര്‍, ഇലക്ട്രിക് കെറ്റില്‍, വാട്ടര്‍ കൂളര്‍, ഫ്രിഡ്ജ്, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതുകൂടാതെ ഒരു മുറിയില്‍ നിന്ന് 20 സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും തീപ്പെട്ടിയും കണ്ടെടുത്തു.

തുടര്‍ന്ന് കണ്ടെടുത്ത വസ്തുക്കളും അവ കണ്ടെടുത്ത മുറിയിലെ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങളുള്‍പ്പെടെ അധികൃതര്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. കൂടാതെ കണ്ടെടുത്ത വസ്തു നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് പിഴയും ചുമത്തി. സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും കണ്ടെടുത്ത മുറിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുറികളില്‍ അതിക്രമിച്ചു കയറിയ അധികൃതര്‍ സ്വകാര്യതയെ മാനിച്ചില്ലെന്നും അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും കാണിച്ച് വിദ്യാര്‍ഥികള്‍ ഡീനിന് പരാതി നല്‍കിയിരുന്നു. മര്യാദയില്ലാതെ മുറികളിലേക്ക് അതിക്രമിച്ചു കയറിയ അധികൃതര്‍ തങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ പുറത്തേക്ക് വലിച്ചിടുകയും മോശമായി സംസാരിച്ചെന്നും അവര്‍ പറഞ്ഞു.

Top