തമിഴ്നാട്ടിലെ പ്രളയം ഒരു പാഠം, വര്‍ഷത്തില്‍ പകുതി വെള്ളത്തിനായി കരയുന്നവര്‍ വെള്ളക്കെട്ടില്‍ മരിക്കുന്ന അവസ്ഥ

ചെന്നൈ: നഗരത്തിലെ വെള്ളക്കെട്ടു തടയാന്‍ നടപടിയെടുക്കാതിരുന്ന ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനു (ജിസിസി)നേരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. 2015ലെ പ്രളയത്തിനു ശേഷം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നെന്നു കോടതി ആരാഞ്ഞു.

നഗരത്തിലെ വെള്ളപ്പൊക്കം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടുവെന്നു പറഞ്ഞ കോടതി, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ സ്വമേധയാ നടപടികളെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി. വര്‍ഷത്തില്‍ പകുതിയോളം ജനം വെള്ളത്തിനായി കരയുകയും മറ്റൊരു പകുതി വെള്ളത്തില്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയാണിവിടെയെന്നും കോടതി പറഞ്ഞു.

തമിഴ്നാട്ടില്‍ നിലവിലുള്ള മഴയും വെള്ളപ്പൊക്കവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പാഠമാണെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കയ്യേറ്റം നീക്കം ചെയ്യാന്‍ അരിയല്ലൂര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ജലാശയം കയ്യേറാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ചെന്നൈയിലും പരിസരത്തും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും തുടരുന്ന മഴയും വെള്ളപ്പൊക്കവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പാഠമാകണമെന്നു ഹൈക്കോടതി പറഞ്ഞു. തണ്ണീര്‍ത്തടത്തില്‍ എന്തെങ്കിലും കയ്യേറ്റം കണ്ടെത്തിയാല്‍, അതു നീക്കം ചെയ്യുന്നതിനുള്ള ത്വരിത നടപടി സ്വീകരിക്കുന്നതിനായി തഹസില്‍ദാര്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Top