തമിഴ് ദൈവങ്ങളുടെ ഭാഷയാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് ദൈവങ്ങളുടെ ഭാഷയാണെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തമിഴ് മന്ത്രങ്ങള്‍ ഉച്ചരിക്കേണ്ടതാണെന്നും ജസ്റ്റിസ് എന്‍ കിരുബകരനും ജസ്റ്റിസ് പുകഴേന്തിയും ഉള്‍പ്പെടുന്ന ബെഞ്ച് പറഞ്ഞു. സംസ്‌കൃതം മാത്രമാണ് ദൈവങ്ങളുടെ ഭാഷയെന്ന് ആളുകളെ വിശ്വസിപ്പിച്ചിരിക്കുകയാണ് എന്നും കോടതി കുറ്റപ്പെടുത്തി.

‘നമ്മുടെ രാജ്യത്ത്, സംസ്‌കൃതം മാത്രമാണ് ദൈവത്തിന്റെ ഭാഷയെന്നും മറ്റ് ഭാഷകള്‍ സംസ്‌കൃതത്തിനൊപ്പമെത്തില്ലെന്നും ആളുകളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. സംസ്‌കൃതം പ്രാചീന ഭാഷയാണെന്നതില്‍ തര്‍ക്കമില്ല. പുരാതന സാഹിത്യങ്ങള്‍ സംസ്‌കൃതത്തില്‍ ഒട്ടേറെയുണ്ട്. സംസ്‌കൃത വേദങ്ങള്‍ ഉച്ചരിച്ചാല്‍ മാത്രമേ ഭക്തരുടെ പ്രാര്‍ത്ഥന ദൈവങ്ങള്‍ കേള്‍ക്കൂ എന്ന തരത്തിലുള്ള വിശ്വാസം പ്രചരിക്കപ്പെട്ടിരിക്കുകയാണ്.

തമിഴ് പുരാതന ഭാഷയാണെന്നത് മാത്രമല്ല, അത് ദൈവത്തിന്റെ ഭാഷ കൂടിയാണ്. നൃത്തം ചെയ്യുന്നതിനിടെ ശിവ ഭഗവാന്റെ ഇടയ്ക്കയില്‍ നിന്ന് പിറന്ന ഭാഷയാണ് തമിഴ് എന്നാണ് വിശ്വാസം. മുരുക ഭഗവാനാണ് തമിഴ് ഭാഷ നിര്‍മ്മിച്ചതെന്നും അഭിപ്രായങ്ങളുണ്ട്.”- കോടതി നിരീക്ഷിച്ചു.

 

Top