മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതി; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കും

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തുറന്നു പ്രവര്‍ത്തിച്ച മദ്യവില്‍പനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തിരുവള്ളുവരിലെ മദ്യവില്‍പ്പനശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ച മദ്യവില്‍പ്പനശാലകള്‍ ഉപാധികളോടെ തുറക്കാന്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരാള്‍ക്ക് ഒരു ലിറ്റര്‍ മദ്യമേ നല്‍കാന്‍ പാടുള്ളൂ എന്നതുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയായിരുന്നു കോടതി മദ്യവില്‍പ്പനശാലകള്‍ക്ക് അനുമതി നല്‍കിയത്. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്തിയിരുന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മദ്യ വില 15 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

വലിയ തിരക്കാണ് തമിഴ്‌നാട്ടിലെ പല മദ്യ വില്‍പ്പനശാലകള്‍ക്കും മുമ്പില്‍ അനുഭവപ്പെട്ടത്. 43 ദിവസങ്ങള്‍ക്ക് ശേഷം തുറന്ന ടാസ്മാക് കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ ആളുകള്‍ തിക്കി തിരക്കിയതോടെ പലയിടത്തും പൊലീസിനെ തിരക്ക് നിയന്ത്രിക്കാനായി നിയോഗിക്കേണ്ടി വന്നു.

Top