വ്യഭിചാരശാലകളിലെത്തുന്ന ഇടപാടുകാർക്കെതിരെ കേസ് എടുക്കരുത് – മദ്രാസ് ഹൈക്കോടതി

ചെന്നൈ: വ്യഭിചാരശാലയിൽ പൊലീസ് പരിശോധന നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നതിന്‍റെ പേരിൽ മാത്രം ഇടപാടുകാർക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യഭിചാരശാല നടത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. എന്നാൽ പരപ്രേരണയോ നിർബന്ധമോ ഇല്ലാതെ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

വ്യഭിചാരശാല എന്ന് പൊലീസ് ആരോപിച്ച മസാജ് പാർലറിൽ നിന്ന് അറസ്റ്റിലായ ഉദയകുമാർ എന്നയാളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എൻ.സതീഷ് കുമാറിന്‍റേതാണ് വിധി. റെയ്ഡിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഉദയകുമാർ തനിക്കെതിരെ ആരോപിച്ച കുറ്റങ്ങൾ റദ്ദാക്കണം എന്നാരോപിച്ചാണ് കോടതിയെ സമീപിച്ചത്.

ഉദയകുമാറിന്‍ വാദം ശിരിവച്ച കോടതി ഇടപാടുകാരനായി പോയതുകൊണ്ട് മാത്രം പരാതിക്കാരൻ കുറ്റക്കാരനാകുന്നില്ലെന്ന് നിരീക്ഷിച്ചു. ഉദയകുമാർ ആരെയെങ്കിലും ലൈംഗികമായി പീഡിപ്പിക്കുകയോ ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയോ ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചിട്ടില്ല. പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏ‍ർപ്പെടുന്നത് ക്രിമിനൽ കുറ്റമല്ല.

വ്യഭിചാരശാല സന്ദർശിക്കുന്നവർ ലൈംഗികവൃത്തിക്ക് സമ്മർദം ചെലുത്തിയെന്ന് പരാതിയുണ്ടെങ്കിൽ മാത്രമേ ഇടപാടുകാരനെതിരെ കേസെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

റെയ്ഡിന്‍റെ പേരിൽ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചു. ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Top