വിലക്കുകള്‍ മാറുന്നു ; ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

ചെന്നൈ: ടിക് ടോക് ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാ ഹര്‍ജിയിലാണ് നടപടി. ബുധനാഴ്ചക്കുള്ളില്‍ നിരോധനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിര്‍ദ്ദേശം.

നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഗൂഗിള്‍, ആപ്പിള്‍ കമ്പനികള്‍ അവരുടെ ആപ് സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു.

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈറ്റ് ഡാന്‍സ് പുനപരിശോധന ഹര്‍ജി നല്‍കിയത്. നിരോധനം മൂലം ഭീമമായ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് ടിക് ടോക് അറിയിച്ചിരുന്നു.

Top