Madras High Court judge on Jayalalithaa’s death

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി.

ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. എനിക്ക് എന്റേതായ സംശയങ്ങളുണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു.

ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ക്കും ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ജനുവരി നാലിലേക്ക് കോടതി മാറ്റി.

ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ സ്വഭാവം നിലനിര്‍ത്തിയത് ദുരൂഹമായ നടപടിയാണെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ മരണത്തിന് ഇടയാക്കിയത്.

ജയലളിതയുടെ മരണത്തില്‍ ശശികലയുടെ ഇടപെടലുണ്ടെന്ന ആരോപണങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീം കോടതിയിലെത്തി.

Top