കേന്ദ്രം സിബിഐയെ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സിബിഐയെ കേന്ദ്രം സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സിബിഐ എന്നത് പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള സ്വയംഭരണാവകാശം സിബിഐയ്ക്ക് ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു. രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഈ ഉത്തരവ് സിബിഐ എന്ന കൂട്ടിലകപ്പെട്ട തത്തയെ പുറത്തുവിടാനുള്ള ഒരു ശ്രമമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

‘തിരഞ്ഞെടുപ്പ് കമ്മീഷനെയും സിഎജിയെയും പോലെ സിബിഐയെ സ്വതന്ത്രമാക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറി പദവി പോലെ അധികാരമുള്ള പദവി സിബിഐയ്ക്കും നല്‍കേണ്ടതുണ്ട്. പ്രധാനമന്ത്രിക്കോ മന്ത്രിക്കോ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലുള്ള അധികാരവും സിബിഐയ്ക്ക് നല്‍കേണ്ടതുണ്ട്’, കോടതി പറഞ്ഞു.

 

Top