മദ്രാസ് ഹൈക്കോടതി നിര്‍ദേശം; അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടില്ലെന്ന് വനംവകുപ്പ്

കമ്പം: അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടില്ലന്നെ് വനംവകുപ്പ്. ആനയെ കാട്ടില്‍ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി.

എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.

കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കില്‍ വന്ന പാല്‍രാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാള്‍ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 

Top