സ്ഥലം മാറ്റം; മദ്രാസ് ഹൈക്കോടതി വനിത ചീഫ് ജസ്റ്റിസ് തഹില്‍ രമണി രാജിക്കത്തയച്ചു

ചെന്നൈ: സ്ഥലംമാറ്റ നടപടിയില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി വനിത ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണി രാജിവെയ്ക്കാനൊരുങ്ങുന്നു. സ്ഥലം മാറ്റിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

സുപ്രീംകോടതി കൊളീജിയം മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി.കെ തഹില്‍ രമണി രാജികത്ത് രാഷ്ട്രപതിക്ക് അയച്ചത്. രാഷ്ട്രപ്രതി കത്ത് തുടര്‍ നടപടിക്കായി കേന്ദ്രസര്‍ക്കാറിന് അയച്ചിട്ടുണ്ട്‌.

ഹൈക്കോടതി ജഡ്ജിമാരുടെ കൂട്ടത്തില്‍ മുതിര്‍ന്ന അഭിഭാഷകയാണ് ജസ്റ്റിസ് വി.കെ .തഹില്‍രമണി. തഹില്‍രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് മാറ്റി പകരം മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച കൊളീജീയം നടപടി വിവാദമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഹൈക്കോടതിയാണ് മദ്രാസിലേത്. മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരെ വരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ചീഫ് ജസ്റ്റിസ് അടക്കം മൂന്നു ജഡ്ജിമാര്‍ മാത്രമുള്ള മേഘാലയയിലേക്കാണ് ജസ്റ്റിസ് തഹില്‍രമണിയെ നിയമിച്ചത്. ഇത് തരം താഴ്ത്തലിന് തുല്യമായ നടപടിയെന്നാണ് വീക്ഷിക്കപ്പെടുന്നത്.

വ്യക്തമായ കാരണംപോലും പറയാതെയാണ് തഹില്‍ രമണിയെ സുപ്രീം കോടതി കൊളീജിയം മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. 2020 ഒക്ടോബറിലാണ് തഹില്‍രമണിയുടെ കാലാവധി അവസാനിക്കുക. 2018 ഓഗസ്റ്റ് മുതല്‍ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. തഹില്‍രമണിയുടെ രാജി സ്വീകരിച്ചാല്‍ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്താല്‍ മാത്രമാകും അവശേഷിക്കുന്ന വനിതാ ചീഫ് ജസ്റ്റിസ്.

മദ്രാസ് ഹൈകോടതി ജസ്റ്റീസുമാരുടെ അത്താഴവിരുന്നില്‍ പങ്കെടുക്കവെ താന്‍ ജോലി രാജിവെക്കുകയാണെന്ന് തഹില്‍രമണി അറിയിക്കുകയായിരുന്നു.

ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് താഹില്‍ രമണി ഗൂജറാത്ത് കലാപത്തിലെ ബില്‍ക്കീസ്ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചത്. ഇതേ കേസില്‍ അഞ്ച് പോലീസുകാരും രണ്ടു ഡോക്ടര്‍മാരും ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കീഴ് കോടതി വിധി റദ്ദാക്കുകയും ചെയ്തിരുന്നു.

Top