ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് നാല് സംഗീതവിതരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

മദ്രാസ്: സംഗീതസംവിധായകന്‍ ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് നാല് സംഗീതവിതരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി.

എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെയാണ് കോടതി വിലക്കിയത്. സ്ഥാപനങ്ങള്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു.

ഈ കമ്പനികളുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇളയരാജ നല്‍കിയ ഹര്‍ജി ആദ്യം കോടതി പരിഗണിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

പകര്‍പ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹര്‍ജി തള്ളിയതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. തനിക്കിത് വലിയ നഷ്ടത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.

Top