സെന്തിൽ ബാലാജി മന്ത്രിയായി തുടരാണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : സെൻതിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് മദ്രാസ് ഹൈക്കോടതി. വകുപ്പില്ലാത്തതിനാൽ ഭരണപരമായി പ്രയോജനമില്ലെന്നും വകുപ്പില്ലാ മന്ത്രി സ്ഥാനം ഭരണഘടന മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയേ നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ്, ബാലാജിയുടെ മന്ത്രിപദവി ഭരണഘടന ധാർമികതയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടികാട്ടി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതോടെയാണ് സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പിൻവലിച്ച് സ്റ്റാലിൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നില്ല. ഇക്കാര്യത്തിൽ ബാലാജിക്കൊപ്പം എന്ന നിലപാടാണ് സ്റ്റാലിനും സർക്കാരും സ്വീകരിച്ചത്.

അതേസമയം കള്ളപണക്കേസിൽ സെന്തിൽ ബാലാജിക്കെതിരെ ഇ ഡി ചെന്നൈ കോടതിയിൽ നേരച്ചെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മൂവായിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന കാലത്തെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്. അന്ന് ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്ന ഇദ്ദേഹം, കോർപ്പറേഷനുകളിൽ ഡ്രൈവർ – കണ്ടക്ടർ നിയമനത്തിന് പലരിൽ നിന്നായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

2018 ഡിസംബറിൽ ബാലാജി എ ഐ എ ഡി എം കെ വിട്ട് ഡി എം കെയിലെത്തിയിരുന്നു. 2021 ൽ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച അദ്ദേഹം എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. തൊട്ടു പിന്നാലെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ ഡി ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു.

Top