കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

KARTHI

ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. യാത്രാ സംബന്ധമായ എല്ലാ വിവരങ്ങളും സിബിഐയ്ക്കു കൈമാറാനും ഹൈക്കോടതി നിര്‍ദേശമുണ്ട്. ഫെബ്രുവരി 28ന് ഇന്ത്യയിലേക്കു മടങ്ങിയെത്തണമെന്നും ഹൈക്കോടതി അറിയിച്ചു. സിബിഐയുടെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ഹൈക്കോടതിയുടെ തീരുമാനം.

വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് അബ്ദുല്‍ ഖുദോഷ് എന്നിവരടങ്ങിയ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. കാര്‍ത്തി ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

Top